ഡെങ്കിപ്പനി പടരുന്നുകാളികാവ്: ഡെങ്കിപ്പനി ബാധയേറ്റ് മലപ്പുറം ജില്ല വിറയ്ക്കുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കി ബാധിതര്‍ കാളികാവ് ചോക്കാട് പഞ്ചായത്തുകളിലാണ്. ഡെങ്കിപ്പനി രൂക്ഷമായി പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഡെങ്കി ഹോട്ട്‌സ്‌പോട്ട് ഏരിയ പട്ടികയിയിലാണ് ജില്ലയില്‍നിന്നു മലയോര മേഖലയിലെ കാളികാവ്, ചോക്കാട് പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാവനൂര്‍, തൃക്കലങ്ങോട്, തൃപ്പനച്ചി, കീഴുപറമ്പ്, അങ്ങാടിപ്പുറം, പോരൂര്‍ പ്രദേശങ്ങളാണ് മറ്റു ഡെങ്കി ഹോട്ട് സ്‌പോട്ട് പ്രദേശങ്ങള്‍.പനി ബാധിച്ച് നിരവധി പേര്‍ ചികില്‍സ തേടുകയും മരണം വരെ സംഭവിക്കുകയുടെ ചെയ്ത സാഹചര്യത്തിലാണ് ഡെങ്കി ഹോട്ട് സ്‌പോട്ട് പട്ടിക ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഡെങ്കിപ്പനി പടരുമ്പോഴും കാളികാവ് സിഎച്ച്‌സിയില്‍ ആവശ്യത്തിനു ജീവനക്കാരില്ല. ചോക്കാട് പിഎച്ച്‌സി പ്രവര്‍ത്തനം പേരിനു മാത്രമാണ്. ഊര്‍ജിതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കാളികാവില്‍ അക്ഷരാര്‍ത്ഥത്തില്‍ പനി വ്യാപകമാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണവും ഡെങ്കിപ്പനി ബാധിച്ച് നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ അഡ്മിറ്റാവുകയും ചെയ്തിട്ടുണ്ട്. ദിവസവും എഴുനൂറിലേറെ പേരാണു പനിബാധിച്ച് ചികില്‍സ തേടുന്നത്. ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കണക്കില്‍ 60 ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സ്ഥിരീകരിച്ച എട്ട് കേസുകളും സംശയമുള്ള 14 കേസുകളും ഇവിടെ ഉണ്ട്. കാളികാവ് സിഎച്ച്‌സിയില്‍ മാത്രം 41 ഡെങ്കി കേസുകള്‍ റിപോര്‍ട്ടു ചെയ്തതില്‍ 18 എണ്ണം സ്ഥിരീകരിച്ചു. സംശയമുള്ള നൂറു കണക്കിനു ഡെങ്കി കേസുകളും നിരവധി മഞ്ഞപ്പിത്ത കേസുകളുമുണ്ട്. തുടക്കത്തില്‍ വൈറല്‍ പനിക്കും ഡെങ്കിപ്പനിക്കും ഒരേ ലക്ഷണം ആയതുകൊണ്ട് സ്ഥിരീകരണം വൈകും എന്നത് പലപ്പോഴും രോഗത്തെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലാണ് കൂടുതല്‍ പേരും പനി ബാധിച്ച് ചികില്‍സ തേടിയിരിക്കുന്നത്. ഇവരുടേത് സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. കാളികാവ് പഞ്ചായത്തിലെ വെന്തോടന്‍പടി, അഞ്ചച്ചവടി, പള്ളിശേരി, നീലാഞ്ചേരി, ഈനാദി പ്രദേശങ്ങളിലും ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍, മഞ്ഞപ്പെട്ടി, വെള്ളപ്പൊയില്‍, ചോക്കാട് പ്രദേശങ്ങളിലുമാണു ഡെങ്കിപ്പനി ബാധിതര്‍ കൂടുതലായുള്ളത്. ഡോക്ടര്‍മാരുടെ കുറവുമൂലം ചികില്‍സ മുടങ്ങുന്ന ചോക്കാട് പിഎച്ച്‌സിയെ തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരമില്ല. രോഗങ്ങള്‍ വ്യാപകമാവുന്നതിനിടയിലും ചോക്കാട് പിഎച്ച്‌സി ദിവസങ്ങളായി ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി  സംഘടിച്ചിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുയരുകയാണ്. ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചാവ്യാധികള്‍ മേഖലയില്‍ പടര്‍ന്നുപിടിക്കുന്നതിനിടെ ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കാതിരുക്കുന്നത് നൂറു കണക്കിനു രോഗികളെയാണ് ദുരിതത്തിലാക്കുന്നത്. നിലവിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ക്കു പുറമേ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രണ്ടു ഡോക്ടര്‍മാരേയും ഒരു സ്റ്റാഫ് നേഴ്‌സിനേയും പുതുതായി നിയമിച്ചിരുന്നു. ഇതില്‍ ഒരു ഡോക്ടര്‍ കഴിഞ്ഞ ദിവസം ചാര്‍ജെടുത്തിരുന്നെങ്കിലും  വാക്‌സിനേഷന്‍ പ്രവര്‍ത്തനവുമായി ഫീല്‍ഡിലായതിനാല്‍ രോഗികള്‍ക്ക് ഉപകാരപ്പെടുന്നില്ല. നിലവിലുണ്ടായിരുന്നവരില്‍ മെഡിക്കല്‍ ഓഫിസര്‍ ട്രെയിനിങിനും മറ്റൊരു ഡോക്ടര്‍ ഉന്നതപഠനത്തിന് നീണ്ട ലീവിലും പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ദിവസങ്ങളായി പേരിന് മാത്രമാണ്. ചോക്കാടുനിന്ന് നാലു കിമീറ്റര്‍ ദൂരെയുള്ള മലയോര ഗ്രാമമായ നാല്‍പതുസെന്റിലെ പിഎച്ച്‌സിയില്‍ രോഗികള്‍ക്ക് എത്തിപ്പെടണമെങ്കില്‍ തന്നെ ഏറെ പ്രയാസമാണ്. വാഹന ഗതാഗത സൗകര്യം കുറവുള്ള ചോക്കാട് മലയോര മേഖലയില്‍ നിന്നു രോഗികള്‍ നടന്നും ഓട്ടോറിക്ഷ പിടിച്ചുമെല്ലാം കഷ്ടപ്പെട്ടാണ് ആശുപത്രിയിലെത്തുന്നത്. പിഎച്ച്‌സി അടഞ്ഞുകിടക്കുന്നതുകണ്ട് മണിക്കൂറുകളോളം കാത്തുനിന്ന് കിട്ടുന്ന വാഹനത്തില്‍ കയറി സ്വകാര്യ ആശുപത്രികളിലേക്ക് ചികില്‍സതേടി പോവുന്ന നിര്‍ധന രോഗികളുടെ അവസ്ഥ ദയനീയമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഗോത്ര വിഭാഗമുള്‍പ്പെടുന്ന ചോക്കാട് ഗിരിജന്‍ കോളനിവാസികളുടെയും തോട്ടം മേഖലയിലെ നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങളുടെയും നിര്‍ധന ജനവിഭാഗങ്ങളുടെയും ആശ്രയമായ ചോക്കാട് നാല്പത് സെന്റിലെ പിഎച്ച്‌സി ദിവസങ്ങളായി പ്രവര്‍ത്തനം താളംതെറ്റിയിട്ടും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ളവര്‍ പിഎച്ച്‌സി സന്ദര്‍ശിക്കാത്തത് വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top