ഡീസല്‍ വിലവര്‍ധന: തീരം വറുതിയില്‍; നഷ്ടത്തിലായ ബോട്ടുകള്‍ പൊളിക്കാനൊരുങ്ങുന്നു

പൊന്നാനി: ഡീസല്‍ വിലക്കയറ്റവും മീന്‍ കുറഞ്ഞതുംമൂലം തീരദേശമേഖല പട്ടിണിയിലായി. ഇതോടെ ബോട്ടുകള്‍ പലതും കടലില്‍ പോവാതെയായി. പലരും ബോട്ടുകള്‍ പൊളിച്ചുവില്‍ക്കാനുള്ള ഒരുക്കത്തിലാണ്. പൊളിക്കാത്ത ബോട്ടുകള്‍ വാങ്ങാന്‍ പലരും തയ്യാറാവുന്നില്ല. എങ്കില്‍ പിന്നെ കിട്ടിയ വിലയ്ക്ക് ബോട്ടുകള്‍ പൊളിച്ചുവില്‍ക്കുകയാണ് നല്ലതെന്നാണ് പൊന്നാനിയിലെ ബോട്ടുടമയായ ഹംസത്ത് പറയുന്നത്. 12 ഓളം ബോട്ടുകളാണ് പൊന്നാനിയില്‍ മാത്രം പൊളിച്ചു വില്‍ക്കാന്‍ തുടങ്ങുന്നത്. വാങ്ങാനാള് വന്നാല്‍ പൊളിക്കാതെ തന്നെ വില്‍ക്കും. പക്ഷേ, പ്രതീക്ഷയില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. ഡീസലിന്റെ അടിക്കടിയുള്ള വില വര്‍ധന ബോട്ടുടമകളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. വല നിറയെ വലിയ മീന്‍ സ്വപ്‌നംകണ്ട് കടലിലിറങ്ങുന്ന മല്‍സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തുന്നത് കാലിയായ ബോട്ടുമായാണ്. ബോട്ടുകാര്‍ക്ക് ലഭിക്കുന്ന ചെറിയ മീനുകള്‍ക്ക് വില ലഭിക്കാതായതോടെ ഭൂരിഭാഗം ബോട്ടുകളും കടലിലില്‍ ഇറങ്ങുന്നില്ല.
ട്രോളിങ് നിരോധനത്തിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് ജില്ലയിലെ ബോട്ടുകള്‍ കടലിലില്‍ ഇറങ്ങിയതെങ്കിലും, വലിയ മീനുകള്‍ ലഭിക്കാത്തത് തൊഴിലാളികളില്‍ കനത്ത നിരാശയാണ് പടര്‍ത്തുന്നത്. സാധാരണ ഗതിയില്‍ കൂന്തളും വലിയ ചെമ്മീനും ലഭിക്കാറുണ്ടെങ്കിലും ഈ സീസണില്‍ വലിയ മീനുകള്‍ ഇതുവരെ ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഈ സീസണില്‍ കിലോയ്ക്ക് പ്രാദേശിക ചന്തകളില്‍ 50 രൂപ മുതല്‍ 80 രൂപ വരെ ലഭിക്കുന്ന മാന്തള്‍, കിളിമീന്‍ തുടങ്ങിയവ മാത്രമാണ് കിട്ടുന്നത്. വലിയ വള്ളങ്ങള്‍ക്ക് അയല, മത്തി, ചെമ്പല്ലി തുടങ്ങിയവ പേരിന് മാത്രമേ ലഭിക്കുന്നുള്ളു. ഇതില്‍ മത്തിയുടെ ലഭ്യത കുറഞ്ഞത് മറ്റു മല്‍സ്യബന്ധന യാനങ്ങളും ആശങ്കയോടെയാണ് കാണുന്നത്. നൂറ് രൂപയില്‍ താഴെ വിലയുള്ള മല്‍സ്യങ്ങള്‍ മാത്രം ലഭിക്കുന്നതിനാല്‍ നഷ്ടക്കണക്കുകള്‍ മാത്രമാണ് തീരത്തിന് പറയാനുള്ളത്. ബോട്ടുകള്‍ കടലിലിറങ്ങി മല്‍സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധനച്ചെലവിന് മാത്രമായി മാറ്റിവയ്‌ക്കേണ്ടിവരുന്നത്. വലിയ ബോട്ടുകള്‍ ദിവസങ്ങളോളം കടലില്‍ തങ്ങിയാണ് മീന്‍ പിടിക്കുക. പലപ്പോഴും ഇന്ധനച്ചെലവുപോലും തിരികെപ്പിടിക്കാന്‍ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഡീസല്‍ വിലവര്‍ധനമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയോളം കടലില്‍ തങ്ങുന്ന ബോട്ടുകള്‍ക്ക് ആയിരം ലിറ്റര്‍ ഡീസലാണ് ശരാശരി വേണ്ടത്. മൂന്ന് ദിവസം നില്‍ക്കുന്ന ബോട്ടുകള്‍ക്കാവട്ടെ 300 മുതല്‍ 400 ലിറ്റര്‍ വരെ ഡീസലടിക്കണം. ചെറു ബോട്ടുകള്‍ക്ക് 80 ലിറ്റര്‍ ദിവസവും ആവശ്യമാവും. എന്നാല്‍, ഡീസല്‍ ചിലവും തൊഴിലാളികള്‍ക്കുള്ള കൂലിയും കിഴിക്കുമ്പോള്‍ ബോട്ടുകള്‍ കനത്ത നഷ്ടത്തിലാണ്. ഇതാണ് ഭൂരിഭാഗം ബോട്ടുകളും കടലിലിറക്കാതിരിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാലും കാലാവസ്ഥ മുന്നറിയിപ്പുമൂലവും ബോട്ടുകള്‍ മിക്കപ്പോഴും തീരത്തുതന്നെ കെട്ടിയിടുകയായിരുന്നു.
ഇതോടെ ജില്ലയിലെ മല്‍സ്യബന്ധന തുറമുഖങ്ങളില്‍ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയാണ്. ബോട്ടുകളില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങളെയാണ് ഇത് ദോഷകരമായി ബാധിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top