ഡി വിജയകുമാറിന്റെ അയ്യപ്പസേവാ സംഘം ഭാരവാഹിത്വം തെറിച്ചു

എ ജയകുമാര്‍

ചെങ്ങന്നൂര്‍: കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ഡി വിജയകുമാറിന്റെ അയ്യപ്പസേവാ സംഘം ഭാരവാഹിത്വം തെറിച്ചു. അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റായിരുന്ന വിജയകുമാറിനെ കഴിഞ്ഞദിവസം കൂടിയ പ്രതിനിധികളുടെ യോഗം പുതിയ ഭാരവാഹിത്വത്തിലേക്കു പരിഗണിച്ചില്ല.
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. രാഷ്ട്രീയപ്പാര്‍ട്ടികളോട് ആഭിമുഖ്യമോ, അടുപ്പമോ ഇല്ലാതെ തീര്‍ത്ഥാടക ഉന്നമനം ലക്ഷ്യംവച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘടനയായിരുന്നു അഖില ഭാരത അയ്യപ്പസേവാ സംഘമെന്നാണു വാദം. എന്നാല്‍ ദേശീയ വൈസ് പ്രസിഡന്റ് തന്നെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലേബലില്‍ തിരഞ്ഞെടുപ്പു രംഗത്തിറങ്ങിയതോടെ പല സ്ഥലത്തും സംഘടനയെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചുവെന്നും എതിര്‍പാര്‍ട്ടികള്‍ സംഘടനയെ ദുഷ്ടലാക്കോടെ വിമര്‍ശിച്ചുവെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് മല്‍സരരംഗത്ത് ഇറങ്ങുന്നതിനു മുമ്പ് സംഘടനാ ഭാരവാഹിത്വം രാജി വച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നു ഡി വിജയകുമാറിനോട് നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്ഥാനം തനിക്കു വോട്ടാക്കി മാറ്റാമെന്ന ദുരുദ്ദേശ്യം മൂലമാണ് രാജിവയ്ക്കാതെ മല്‍സരരംഗത്ത് എത്തിയതെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. അഖില ഭാരത അയ്യപ്പസേവാ സംഘം ഒരു കോണ്‍ഗ്രസ് അനുകൂല സംഘടനയാണെന്നു വരുത്തിത്തീര്‍ക്കാന്‍ വിജയകുമാറും സംഘവും ശ്രമിച്ചുവെന്നും വിമര്‍ശനമുണ്ടായി.
ഹൈന്ദവ വോട്ടുകള്‍ പെട്ടിയിലാക്കുകയെന്ന തന്ത്രം പ്രയോഗിക്കുന്നതിനു വേണ്ടി വിശ്വാസികളെയും സംഘടനാ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് വീടുകള്‍ കയറി വോട്ട് ചോദിച്ചുവെന്നും പല സ്ഥലത്തും തങ്ങളുടെ ദേശീയ വൈസ് പ്രസിഡന്റ് മല്‍സര രംഗത്തുള്ളതിനാല്‍ വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നു. സംഘടനാ നേതാവെന്ന നിലയില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി സ്ഥാനം ഉപയോഗിച്ചുവെന്നതാണു പുതിയ ഭാരവാഹിത്വപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

RELATED STORIES

Share it
Top