ഡിസ്റ്റിലറി: എക്‌സൈസ് കമ്മീഷണറുടെ മുന്നറിയിപ്പ് അവഗണിച്ചു

തിരുവനന്തപുരം: തൃശൂര്‍ ജില്ലയില്‍ ശ്രീചക്ര ഡിസ്റ്റിലറീസിന് ഡിസ്റ്റിലറി യൂനിറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതായുള്ള തെളിവുകള്‍ പുറത്തുവന്നു. ഇതു സംബന്ധിച്ച ഫയലില്‍ പുതിയ ഡിസ്റ്റിലറി സ്ഥാപിക്കാന്‍ നയപരമായ തീരുമാനം വേണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് കുറിച്ചിരുന്നു. അപേക്ഷയോടൊപ്പം ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ ഫയല്‍ സര്‍ക്കാരിനു കൈമാറിയത്. 1999ലെ സര്‍ക്കാര്‍ ഉത്തരവ് തടസ്സമാണെന്നും ഋഷിരാജ് സിങ് ഫയലില്‍ രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍, കമ്മീഷണറുടെ വിയോജനക്കുറിപ്പ് എക്‌സൈസ് വകുപ്പ് തള്ളി. നേരത്തേ ലഭിച്ച അപേക്ഷകള്‍ക്ക് മാത്രമാണ് 1999ലെ നികുതി വകുപ്പ് സെക്രട്ടറി വിനോദ് റായിയുടെ ഉത്തരവ് ബാധകമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്നതിന് കോംപൗണ്ടിങ്, ബെന്‍ഡിങ്, ബോട്ട്‌ലിങ് യൂനിറ്റ് സ്ഥാപിക്കാനാണ് പെരുമ്പാവൂരിലെ ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് കഴിഞ്ഞ ജൂലൈ 12ന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നത് പരസ്യപ്പെടുത്തണമെന്ന മാനദണ്ഡവും എക്‌സൈസ് വകുപ്പ് പാലിച്ചിരുന്നില്ല. ടെന്‍ഡര്‍ നടപടികളും സ്വീകരിക്കുകയുണ്ടായില്ല. അതിനാല്‍ തന്നെ നേരത്തേ ലഭിച്ച 125 അപേക്ഷകളുടെ സ്ഥാനത്ത് വെറും നാലു പേര്‍ മാത്രമാണ് പുതുതായി അപേക്ഷ സമര്‍പ്പിച്ചത്. അതേസമയം, അനുമതി ഉത്തരവില്‍ ചട്ടലംഘനമില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുകയാണ് എക്‌സൈസ് വകുപ്പ്. ബ്രൂവറി തുടങ്ങാന്‍ കിന്‍ഫ്ര പാര്‍ക്കില്‍ ആര്‍ക്കും സ്ഥലം അനുവദിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പറയുമ്പോഴും ഇതു സംബന്ധിച്ച അനുമതി ഉത്തരവ് സര്‍ക്കാരിന്റെ വാദത്തിനു തിരിച്ചടിയാവും. 2017 മാര്‍ച്ച് 27നാണ് പവര്‍ ഇന്‍ഫ്രാടെക് സിഎംഡി അലക്‌സ് മാളിയേക്കല്‍ ബ്രൂവറി സ്ഥാപിക്കാനായി സര്‍ക്കാരിന് അപേക്ഷ നല്‍കുന്നത്. രണ്ടു ദിവസത്തിനു ശേഷം മാര്‍ച്ച് 29ന് അനുമതി ഉത്തരവും ലഭിച്ചു. കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ പത്ത് ഏക്കര്‍ ഭൂമി അനുവദിക്കാന്‍ തയ്യാറാണെന്നും വെള്ളവും വൈദ്യുതിയും അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നുമാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നത്. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലും ഭൂമി ലഭ്യമാണെന്നും കിന്‍ഫ്ര ഉത്തരവില്‍ വ്യക്തമാക്കുന്നു. എക്‌സൈസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 5ന് കിന്‍ഫ്ര പാര്‍ക്കിലെ പത്ത് ഏക്കറില്‍ ബ്രൂവറി സ്ഥാപിക്കാന്‍ ലൈസന്‍സ് അനുവദിച്ചത്.
ബ്രൂവറി വിവാദം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കത്തിച്ചുനിര്‍ത്താനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 3ന് ജില്ലാതലങ്ങളില്‍ എക്‌സൈസ് കമ്മീഷണര്‍ ഓഫിസുകളിലേക്കും 5ന് സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top