ഡിസിസി പ്രസിഡന്റ് രാമന്തളിയിലെ മാലിന്യക്കിണറുകള്‍ സന്ദര്‍ശിച്ചു

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ പ്ലാന്റില്‍നിന്നുള്ള അഴുക്കുവെള്ളം മൂലം മലിനമായ രാമന്തളി തെക്കുമ്പാട് പ്രദേശത്തെ വീടുകളിലെ കിണറുകള്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു. വേനലില്‍ കിണറുകള്‍ വറ്റുന്ന സമയത്താണ് മൂന്നു മുതല്‍ എട്ടടി വരെ വെള്ളം ഉയര്‍ന്നുകിടക്കുന്നത്.
തെളിഞ്ഞ വെള്ളമാണെങ്കിലും ദേഹത്ത് തട്ടിയാല്‍ ചൊറിച്ചിലും ദുര്‍ഗന്ധവുമാണെന്നാണ് വീട്ടുകാരുടെ വാദം. ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അടിയന്തര പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥിതിയുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. വികേന്ദ്രീകരണ പ്ലാന്റ് അടക്കം സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നാവിക അധികൃതര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ജനകീയ സമരം അവസാനിപ്പിച്ചത്.
എട്ടുമാസം കൊണ്ട് വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, വീണ്ടും മലിനജലം വന്‍ ഉറവയോടെ
കിണറുകളില്‍ എത്തുകയാണ്. ഡി കെ ഗോപിനാഥ്, കെ ജയരാജ്, എന്‍ വി കൃഷ്ണന്‍, പി വി സുരേന്ദ്രന്‍, ഇ സി ഭാസ്‌കരന്‍, പി വി ഉണ്ണികൃഷ്ണന്‍, മുട്ടില്‍ സുധാകരന്‍ എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top