ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കെതിരേ സിപിഐ മാനനഷ്ടത്തിനു കേസ് നല്‍കി

കൊണ്ടോട്ടി: ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളില്‍ അനധികൃത വയല്‍ നികത്തലിന് പിന്നില്‍ സിപിഐ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി നജ്മുദ്ദീനെതിരേ സിപിഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. ഇരു പഞ്ചായത്തിലേയും വയല്‍ നികത്തലിന് സിപിഐക്കെതിരേ ഗുരുതര ആരോപണങ്ങളുമായാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
പുളിക്കല്‍ ദേശീയ പാതയോരത്തും, ചെറുകാവ് പഞ്ചായത്തിലെ പുത്തൂപാടത്തും അനധികൃത വയല്‍ നികത്തലിന് സിപിഐ കൂട്ടുനില്‍ക്കുന്നുവെന്നാണു പ്രധാന ആരോപണം. പുളിക്കലില്‍ വച്ച് സിപിഐ സമ്മേളനം നടന്നപ്പോള്‍ 6 മണ്ണ് മാഫിയകളില്‍ നിന്ന് സിപിഐ പണപ്പിരവ് നടത്തിയെന്നും സിപിഎം ആരോപിച്ച് പാര്‍ട്ടിക്കെതിരേ രംഗത്തുവന്നിരുന്നു.
പാര്‍ട്ടിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി നജ്മുദ്ദീനെതിരേയാണ് മാനനഷ്ടത്തിന് കേസ് നല്‍കിയത്. നജ്മുദ്ദീന്റെ പ്രസ്ഥാവന സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം ആരോപണത്തില്‍ മാപ്പ് പറയുകയും മൂന്നു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു വക്കീല്‍ നോട്ടീസ് അയച്ചത്. ദിവസങ്ങളായി പുളിക്കല്‍, ചെറുകാവ് മേഖലയില്‍ സിപിഐ, സിപിഎം വയല്‍ നികത്തലിനെ ചൊല്ലി തുറന്ന പോരിലാണ്. പ്രശ്‌നത്തില്‍ ഇരു പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും പരിഹരിക്കാനായിട്ടില്ല.

RELATED STORIES

Share it
Top