ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പോലിസ്പൊന്നാനി: പൊന്നാനിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. അക്രമത്തിനുപിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ നാലു പേര്‍ക്കെതിരേ കേസെടുത്തു. പൊന്നാനി കുണ്ടുകടവ് ജങ്ഷന്‍ സ്വദേശിയായ ചന്ദനപ്പറമ്പില്‍ വീട്ടില്‍ ഫാരിസിന് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ചമ്രവട്ടം ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ഫാരിസിനെ ഒരു സംഘമാളുകള്‍ യാതൊരു പ്രകോപനവുമില്ലാതെ വടിവാളും, ഇരുമ്പ് ദണ്ഡുകളും കൊണ്ട് മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. വാളുകൊണ്ടുള്ള വെട്ട് തടഞ്ഞതോടെ ഫാരിസിന്റെ ഇരു കൈകളും മുറിഞ്ഞു. അക്രമത്തില്‍ സാരമായി പരിക്കേറ്റ ഫാരിസിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് പൊന്നാനി ആനപ്പടിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതില്‍ ഫാരിസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് അക്രമിച്ചതെന്ന് ചികില്‍സയില്‍ കഴിയുന്ന ഫാരിസ് പറഞ്ഞു. സംഭവത്തില്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.അക്രമത്തെത്തുടര്‍ന്ന് സ്ഥലത്ത് കര്‍ശന സുരക്ഷാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലിസ്.

RELATED STORIES

Share it
Top