ഡിവൈഎഫ്‌ഐ നേതാവിനെ ശാസിച്ച സംഭവം; സിപിഎമ്മില്‍ ഭിന്നത

ചാവക്കാട്: അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവിനെ പാര്‍ട്ടി പരസ്യമായി ശാസിച്ച സംഭവത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത.
പാര്‍ട്ടി നടപടിക്ക് വിധേയനായ ഡിവൈഎഫ്‌ഐ നേതാവിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ നടപടി ശാസനയില്‍ ഒതുക്കിയത് ശരിയായില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടെതെന്ന ആവശ്യമുന്നയിച്ചാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുള്ളത്.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവുമായ തിരുവത്ര കോട്ടപ്പുറം കെ കെ മുബാറക്കാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പരസ്യ ശാസനക്ക് വിധേയനായത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുഭാവികളുടെ സംഘടനകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മുബാറക്ക് ലക്ഷങ്ങള്‍ വാങ്ങിയെന്ന് ചില പാര്‍ട്ടി അംഗങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതോടെ ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തുകയും പരാതി സത്യസന്ധമാണെന്ന് കണ്ടെത്തുകയും ചെയ്തു. മുബാറക്കിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് ഒരു വിഭാഗം അറിയിച്ചതോടേയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവിനെ പരസ്യമായി ശാസിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായത്.
കൂടാതെ തിരുവത്ര മഹല്ല് കമ്മിറ്റിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പാര്‍ട്ടി നിലപാടാണെന്ന വ്യാജേന ഒരു വിഭാഗത്തിന് പിന്തുണ അറിയിച്ച് ഇയാള്‍ സമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശം അയച്ചതും വിവാദമായിരുന്നു. ഇക്കാര്യം തിരുത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായിരുന്നില്ലത്രേ. ഇതും മുബാറക്കിനെതിരേ നടപടിയെടുക്കുന്നതിന് കാരണമായി.
ശാസന നടപടി മുഴുവന്‍ പാര്‍ട്ടി അംഗങ്ങളേയും വിളിച്ചു വരുത്തി അറിയിച്ചിരുന്നു. അതേ സമയം, ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യവുമായി ഒരു വിഭാഗം ഇപ്പോഴും രംഗത്തുണ്ട്. പാര്‍ട്ടി അനുഭാവികള്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വിദ്യാഭ്യാസ പുരസ്‌ക്കാരം, ചികില്‍സ ധനസഹായം എന്നിവയുടെ പേരിലെല്ലാം വ്യാപക പണപ്പിരിവ് നടന്നിരുന്നതായി നേരത്തെ പ്രവര്‍ത്തകര്‍ക്കിയിടയില്‍ ആരോപണമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top