ഡിവൈഎഫ്‌ഐ കത്തിച്ച പാലം സിപിഎം പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചു

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനായി നിര്‍മാണ പ്രവൃത്തി നടത്തുന്നവര്‍ അനധികൃതമായി നിര്‍മിച്ചതെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ച പാലം സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചു. സിപിഎം വാണിമേല്‍ ലോക്കല്‍ കമ്മിറ്റിയിലെയും  ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകരാണ് പാലം നിര്‍മാണത്തില്‍ പങ്കാളികളായത്.
അര കിലോമീറ്ററോളം തോട് നികത്തി ടിപ്പര്‍ ലോറികള്‍ പോകാന്‍ പാകത്തില്‍ ഖനനം നടത്തുന്നവര്‍ 20 മീറ്റര്‍ വീതിയില്‍ പാലം നിര്‍മിക്കാന്‍ നേരത്തെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിന് മുകളിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍കൊണ്ട് വന്ന നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് രണ്ടര മീറ്റര്‍ വീതിയില്‍ ചെറുപാലം നിര്‍മിച്ചത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ തരത്തില്‍ ആണ് പാലം നിര്‍മിച്ചത്. സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്വത്തോടെ ആവേശത്തോടെ പ്രവര്‍ത്തകര്‍ പണി പൂര്‍ത്തീകരിക്കുകരിച്ചു.   വിലങ്ങാട് ടൗണില്‍ നിന്നും ഉടുമ്പിറങ്ങി മലയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്ത ശേഷം നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
10 മണിക്ക് തുടങ്ങി  ഒരുമണിയോടെ പണി പൂര്‍ത്തീകരിച്ചു. പാലത്തിന്റെ കൈവരി നിര്‍മിക്കുന്നതോടെ ഖനനക്കാര്‍ നിര്‍മിച്ച ഭാഗങ്ങള്‍ പൊളിച്ചു മാറ്റുമെന്ന് നേതാക്കള്‍ പറഞ്ഞു. ലോക്കല്‍ സെക്രട്ടറി ടി പ്രദീപ് കുമാര്‍, ബ്ലോക്ക് സെക്രട്ടറി കെ പി രാജന്‍, പ്രസിണ്ടന്റ് ടി അഭീഷ്, കെ ചന്തു , കെ പി രാജീവന്‍, എന്‍ പി വാസു, കെ വി രാജന്‍ , കെ ജെ ഇഗ്ഷ്യസ് ,കെ പി വസന്തകുമാരി,എന്‍ പി ദേവി, ജിജി സന്തോഷ് ,സി പി നിധീഷ് ,കെ അജേഷ്, കെ ടി ബാബു,   നേതൃത്വം നല്‍കി.

RELATED STORIES

Share it
Top