ഡിഫന്‍സ് പാര്‍ക്കും വ്യവസായ പാര്‍ക്കും ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ സി മൊയ്തീന്‍

തിരുവനന്തപുരം: പാലക്കാട് വ്യവസായ പാര്‍ക്കും, ഡിഫന്‍സ് പാര്‍ക്കും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60%  പൂര്‍ത്തികരിച്ചതായും മന്ത്രി കൂട്ടി ചേര്‍ത്തു.  പാലക്കാട്  ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഒറ്റപ്പാലത്ത് കിന്‍ഫ്ര സ്ഥാപിച്ച വ്യവസായ പാര്‍ക്കിന്റെയും പ്രതിരോധ മേഖലയ്ക്കാവശ്യമായ സാമഗ്രികള്‍ നിര്‍മിക്കുന്ന പൊതുമേഖലയിലെ ഇന്ത്യയില്‍തന്നെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്കിന്റെയും നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഡിഫന്‍സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ യോഗത്തില്‍ തീരുമാനമായി.
വ്യവസായ സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ ഉടനടി ആരംഭിക്കുവാന്‍ വേണ്ടുന്ന തരത്തിലാണ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായ പാര്‍ക്കില്‍ ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റിലായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി മന്ദിരത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന 83 ഏക്കര്‍ സ്ഥലത്തു വീഴുന്ന മഴവെള്ളം, മഴവെള്ള സംഭരണിയിലേക്ക് ഒഴുകി എത്തുവാന്‍ പാകത്തിന് ചാലുകളും ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തിനാവശ്യമായ സംവിധാനം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 4100 മീറ്റര്‍ ചുറ്റുമതിലും, മൂന്നര കിലോമീറ്ററിലായി റോഡും, ഒരു അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ് സമുച്ചയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശുദ്ധജല വിതരണത്തിനാവശ്യമായ സംവിധാനങ്ങളും ഉള്‍പ്പെടെ കിന്‍ഫ്ര പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്.
കൂടാതെ വ്യവസായ പാര്‍ക്കില്‍ 9 വ്യവസായ സംരംഭകര്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഒരു യൂണിറ്റ് നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുറ്റുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്.ഡിഫന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2018 ഡിസംബറോടെ പൂര്‍ത്തിയാക്കുകയും 2019 മാര്‍ച്ചോടുകൂടി പ്രവര്‍ത്തന സജ്ജമാക്കുകയും  ചെയ്യും.  പ്രതിരോധ മേഖലയിലുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ട് ഒരു സമ്പൂര്‍ണ്ണ വ്യവസായ പാര്‍ക്കാണ് ഇവിടെ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത പാര്‍ക്ക് വികസിപ്പിക്കുന്നത്.  130.94 കോടി രൂപയാണ് പ്രസ്തുത പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 35 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നിലവില്‍ ലഭിച്ചിട്ടുണ്ട്.
പ്രതിരോധ മേഖലയില്‍ 30% മാത്രമാണ് നിലവില്‍ ആഭ്യന്തര നിര്‍മ്മാണം. പ്രതിരോധ എയ്‌റോ സ്‌പേസ് മേഖലകളില്‍ വരുന്ന ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് കയറ്റുമതിക്കും സാദ്ധ്യതയുള്ളതായാണ് വിലയിരുത്തല്‍. നിശാദൃശ്യോപകരണങ്ങള്‍, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍,  അള്‍ട്രാ സോണിക് ട്രാന്‍സ്ഡ്യുസര്‍ തുടങ്ങിയ ഉപകരണങ്ങളാണ് ഡിഫന്‍സ് പാര്‍ക്കിനുള്ളില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.
അത്യാധുനിക ടൂള്‍ റൂം, ഉല്‍പ്പന്ന കാര്യക്ഷമതാ നിരീക്ഷണ സംവിധാനം, സംഭരണശാല, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിട സമുച്ചയം, സംരംഭകര്‍ക്കുള്ള പരിശീലന സൗകര്യം, ഗുണമേന്മാ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയും  രണ്ടുലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടസമുച്ചയത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ ലിമിറ്റഡുമായി ചേര്‍ന്ന് അവര്‍ക്കുവേണ്ട അനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചെറുകിട വ്യവസായ മേഖലയിലുള്ള യൂണിറ്റുകള്‍ക്ക് അവസരമൊരുക്കുന്നതിനുവേണ്ടി ബി.ഇ.എം.എല്‍ ലിമിറ്റഡുമായി  നിലവില്‍ ചര്‍ച്ച നടത്തി വരികയാണ്. ഒറ്റപ്പാലം നഗരസഭയുമായി ചേര്‍ന്ന് കിന്‍ഫ്ര 2018 ആഗസ്റ്റ് രണ്ടാംവാരത്തില്‍ ഒറ്റപ്പാലം എംഎല്‍എ യുടെ നേതൃത്വത്തില്‍ ഒരു വ്യവസായ സംഗമം നടത്തുവാനും യോഗത്തില്‍ തീരുമാനമായി.ഒറ്റപ്പാലം എംഎല്‍എ  പി ഉണ്ണി, വ്യവസായ വകുപ്പ് സെക്രട്ടറി  സഞ്ജയ്കൗള്‍, കിന്‍ഫ്ര എംഡി കെഎ സന്തോഷ്‌കുമാര്‍, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top