ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സജ്ജമാക്കി മേപ്പാടി ഗ്രാമപ്പഞ്ചായത്ത്

മേപ്പാടി: ആധുനിക രീതിയിലുള്ള സഹവര്‍ത്തിത ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സജ്ജമാക്കി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാവുകയാണെന്നു പ്രസിഡന്റ് കെ കെ സഹദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുണ്ടക്കൈ, കോട്ടനാട്, ചുളിക്ക, മേപ്പാടി സര്‍ക്കാര്‍ എല്‍പി-യുപി സ്‌കൂളുകളിലാണ് ആധുനിക രീതിയിലുള്ള ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഗ്രാമപ്പഞ്ചായത്ത് സ്വന്തം ചെലവില്‍ സ്‌കൂളുകളെ ആധുനിക സംവിധാനത്തോടെ നവീകരിക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധനും എസ്എസ്എ സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റുമായ ഡോ. ടി പി കലാധരന്‍, അധ്യാപകന്‍ ഡാമി പോള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്ലാസ് മുറികള്‍ നവീകരിച്ചത്. സംഘപഠനത്തിന് സാധ്യമാവുന്ന വിധത്തിലുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കി. വ്യവസ്ഥാപിത ഫര്‍ണിച്ചര്‍ സങ്കല്‍പം മാറ്റുകയാണ് ഇവിടെ. ഒരു ക്ലാസില്‍ മുപ്പത് കുട്ടികള്‍ക്കും അധ്യാപകനുമുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.
അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 എന്ന വിദ്യാഭ്യാസ അവകാശ നിയമം ഇതിലൂടെ നടപ്പാവും. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളെയും കോര്‍ത്തിണക്കിയ സമഗ്ര പഠനപദ്ധതി നടപ്പാക്കാനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ട്.
എല്ലാ ക്ലാസുകളിലും ലാപ്‌ടോപ്പ്, ഡിജിറ്റല്‍ പ്രൊജക്റ്റര്‍, വൈറ്റ് ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ്, കോളര്‍ മൈക്ക്, സ്പീക്കര്‍ എന്നിവയോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മേശയും കസേരയും സ്‌പൈറല്‍ ചുവര്‍ ചിത്രങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
പാഠപുസ്തകം ഇല്ലാതെ ആധുനിക ഡിവൈസുകള്‍ ഉപയോഗിച്ചുള്ള ക്ലാസ്മുറി പഠനമാണ് മറ്റൊരു ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി സീനത്ത്, സെക്രട്ടറി ടി ഡി ജോണി, വിദ്യാഭ്യാസ വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പി കെ മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top