ഡിജിപി ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ല: അശ്വതി ജ്വാല

തിരുവനന്തപുരം: ലിഗയുടെ തിരോധാനത്തിനു ശേഷം പരാതി പറയാന്‍ ചെന്ന ഭര്‍ത്താവ് ആന്‍ഡ്രൂസിനെ ഡിജിപി ലോക്നാഥ് ബെഹ്റ ഭീഷണിപ്പെടുത്തിയെന്നും പ്രതികരിച്ചപ്പോള്‍ ആറുദിവസം തടവിലിട്ടു നാടുകടത്തിയെന്നും സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാല. മുഖ്യമന്ത്രിയെ കാണാന്‍ എത്തിയപ്പോഴും അപമാനിക്കപ്പെട്ടതായും അശ്വതി പറഞ്ഞു.
പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു ഡിജിപിയെ കണ്ടത്. മൂന്നു മണിക്കൂര്‍ കാത്തുനിന്ന ശേഷം അടുത്തദിവസം വരാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം ആന്‍ഡ്രൂസും താനും ഇല്‍സയും ഡിജിപിയെ കാണാന്‍ എത്തി. എന്നാല്‍ അദ്ദേഹം തങ്ങളെ സ്വീകരിച്ചതു സമയംകൊല്ലികളെ കാണുന്ന മനോഭാവത്തോടെയായിരുന്നു. പോലിസിനെ പഠിപ്പിക്കാന്‍ വരണ്ട, ഞങ്ങള്‍ക്കറിയാം എങ്ങനെ അന്വേഷിക്കണമെന്ന്. പോലിസിനെ കുറ്റം പറഞ്ഞാല്‍ കേസ് ക്ലോസ് ചെയ്ത് റിപോര്‍ട്ട് തരും. പിന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നു ഡിജിപി ആക്രോശിച്ചതായും ലിഗിയുടെ കുടുംബത്തിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ അശ്വതി പറഞ്ഞു.
മുന്‍കൂര്‍ അനുമതിയുമായി എത്തിയ ആന്‍ഡ്രൂസിനെ കാണാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടാക്കിയില്ലെന്നും അശ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.  9.30നു മുന്‍കൂര്‍ അനുമതിയുമായി നിയമസഭയ്ക്കു മുന്നില്‍ കാത്തുനിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയെ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഒടുവില്‍ 11ഓടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുമ്പോള്‍ ഈ മുഖ്യമന്ത്രിയെ കാണാന്‍ ആണോ നമ്മള്‍ ഇവിടെ കാത്തുനിന്നതെന്ന് അവര്‍ ചോദിച്ചതായും അശ്വതി പറയുന്നു. കാണാതായി 15 ദിവസങ്ങള്‍ക്കു ശേഷം ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തപ്പോള്‍ മാത്രമാണു പോലിസും തീരദേശസേനയും ഉണര്‍ന്നതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top