ഡിജിപി നിയമനം യുപിഎസ്‌സി വഴി

ന്യൂഡല്‍ഹി: ഡിജിപി നിയമനം യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി) വഴി ആക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ (ആക്റ്റിങ്) പോലിസ് മേധാവിമാരെ നിയമിക്കരുതെന്നും സുപ്രിംകോടതി.  വിരമിക്കല്‍ കാലാവധി അവസാനിച്ചശേഷം വീണ്ടും രണ്ടു വര്‍ഷത്തേക്ക് കൂടി പദവി നീട്ടിനല്‍കുന്ന നടപടി പരമാവധി ഒഴിവാക്കണം. സംസ്ഥാന പോലിസ് മേധാവികളെ (ഡിജിപി) നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പോലിസ് മേധാവികളെ നിയമിക്കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കോടതി പരിമിതപ്പെടുത്തി. നിലവിലെ ഡിജിപിയുടെ കാലാവധി അവസാനിക്കുന്നതിനു മൂന്നു മാസം മുമ്പ്  സര്‍ക്കാര്‍ യുപിഎസ്‌സിയെ അറിയിക്കണം. യോഗ്യരായ  ഉദ്യോഗസ്ഥരുടെ പട്ടികയും സര്‍ക്കാര്‍ നല്‍കണം. ഇത് പരിശോധിച്ച് മൂന്നു പേരുകള്‍ യുപിഎസ്‌സി സര്‍ക്കാരിന് അയക്കും. ഇതില്‍നിന്നാണ്  പോലിസ് മേധാവിയെ നിയമിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഖാന്‍വില്‍കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഡിജിപി നിയമനത്തിനായി 2006ലെ പ്രകാശ് സിങ് കേസില്‍ സുപ്രിംകോടതി നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചത്.
ഡിജിപി നിയമനം യുപിഎസ്‌സി വഴി വേണമെന്ന് 2006ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഇത് പല സംസ്ഥാനങ്ങളും പാലിച്ചിട്ടില്ലെന്നും കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേസില്‍ കക്ഷിചേര്‍ന്ന ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വിരമിക്കല്‍ പ്രായമായ 60ല്‍ തന്നെ ഡിജിപിമാര്‍ സ്ഥാനമൊഴിയേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരാള്‍ ഡിജിപിയായി നിയമിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷമെങ്കിലും തുടരണം. രണ്ടു വര്‍ഷമോ അതിലധികമോ സേവനം ബാക്കിയുള്ളവരുടെ പേരുകളാണ് സര്‍ക്കാരുകള്‍ യുപിഎസ്‌സിക്ക് അയക്കേണ്ടത്.
2006ലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടതായി കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ മാത്രമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയത്. ചില സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ വിരമിക്കുന്നതിനു തൊട്ടുമുമ്പായി ഡിജിപിയായി നിയമിക്കും. ഇതോടെ വിരമിച്ചശേഷവും കുറച്ചുകാലത്തേക്ക് അവര്‍ക്ക് തുടരാന്‍ സാധിക്കും. ചില സംസ്ഥാനങ്ങള്‍ ആക്റ്റിങ് ഡിജിപിമാരെ നിയമിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. എന്നാല്‍, ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top