ഡിജിപി അസ്താന പുതിയ വിജിലന്‍സ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിസ്ഥാനത്തു നിന്ന് മാറ്റി. ഡിജിപി ഡോ. നിര്‍മല്‍ ചന്ദ്ര അസ്താനയാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ബെഹ്‌റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1986ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് എന്‍ സി അസ്താന. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ 'ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി' ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. 2019 വരെ അദ്ദേഹത്തിന് ഡയറക്ടറായി തുടരാം.അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തേ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം  അറിയിച്ചിരുന്നു. എന്നാല്‍, ബെഹ്‌റയുടെ ഇരട്ടപ്പദവി കുരുക്കാവുമെന്ന് തിരിച്ചറിഞ്ഞാണ് അസ്താനയിലേക്ക് വീണ്ടും സര്‍ക്കാര്‍ എത്തിയത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്രം അറിഞ്ഞിട്ടില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്ത് ഇരുത്തിയതെന്നായിരുന്നു വെളിപ്പെട്ടത്. സംസ്ഥാന പോലിസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തസ്തികകളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിജിപിമാരുടെ കാഡര്‍ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കാഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാള്‍ വഹിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനവുമാണ്. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കില്‍ നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ അപേക്ഷ. ആറുമാസത്തിലധികം കാഡര്‍ തസ്തികയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിരം വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ നിയമനം സര്‍ക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതില്‍ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ ഏപ്രിലില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി പി സെന്‍കുമാര്‍ സംസ്ഥാന പോലിസ് മേധാവിക്കസേരയില്‍ എത്തിയപ്പോഴാണ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. സെന്‍കുമാര്‍ വിരമിച്ചശേഷം ബെഹ്‌റയെ പോലിസ് മേധാവിയാക്കി. ഒപ്പം വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നല്‍കി. പിന്നീട് പൂര്‍ണ ചുമതലയും നല്‍കുകയായിരുന്നു. വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ ഈ മാസം 15നകം നിയമിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡയറക്ടറെ നിയമിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതു വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസം എട്ടിന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

RELATED STORIES

Share it
Top