ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഗവര്‍ണര്‍ പി സദാശിവം വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി. പ്രദേശം പോലിസ് നിയന്ത്രണത്തിലാണെന്ന് ഡിജിപി അറിയിച്ചു. ശബരിമലയില്‍ എത്തുന്ന യഥാര്‍ഥ വിശ്വാസികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ പോലിസ് സജ്ജമാണ്. അതേസമയം, വിശ്വാസികളുടെ ആശങ്ക പോലിസ് പരിഗണിക്കും. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും പ്രതിഷേധം ശക്തമായിരിക്കെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. ഡിജിപിക്ക് പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുരേഷ് ഗോപി എംപി, ഒ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഇവരുടെ ആശങ്കകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

RELATED STORIES

Share it
Top