ഡിഎംഒ ഓഫിസ് ഉപരോധിച്ചു; കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസ്തിരുവനന്തപുരം: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഡിഎംഒ ഓഫിസ് ഉപരോധിച്ചു. ഇതിനിടെ വനിതാ കൗണ്‍സിലര്‍മാരെ ഡിഎംഒ ആക്ഷേപിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത് ഡിഎംഒ ഓഫിസ് ജീവനക്കാരുമായി സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് വഞ്ചിയൂര്‍ പോലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ച ഡിഎംഒ യെ അറസ്റ്റുചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇവരുടെ പരാതിയില്‍ ഡിഎംഒ യ്‌ക്കെതിരേ പോലിസ് കേസെടുത്തു. ഓഫിസ് ഉപരോധിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുള്ള ഡിഎംഒ യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന യുഡിഎഫ് കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.  അതേസമയം, ഡിഎംഒക്കെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പനി പടര്‍ന്ന് പിടിക്കുന്നതിന്റെ പ്രാധാന കാരണം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം നഗരസഭ വരുത്തിയ ഗുരുതരമായ വീഴ്ചയാണ്. ഇത് മറച്ചു വച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കൗണ്‍സിലര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്ത പക്ഷം ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ശക്തമായ പ്രതിഷേധനടപടികളിലേക്ക് പോകുവാന്‍ നിര്‍ബന്ധിതരായി തീരുമെന്ന് കെജിഎംഒഎ അറിയിച്ചു.

RELATED STORIES

Share it
Top