ഡിംഡെക്‌സ് 2016: എട്ട് ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു

ദോഹ: ദോഹ അന്താരാഷ്ട്ര കടല്‍ പ്രതിരോധ സമ്മേളന-പ്രദര്‍ശന(ഡിംഡെക്‌സ്-2016)ത്തിന്റെ സമാപന ദിനമായ ഇന്നലെ സായുധ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് എട്ട് ധാരണാപത്രങ്ങളില്‍ കൂടി ഖത്തര്‍ ഒപ്പുവച്ചു. ഖത്തര്‍ അമീരി മറൈന്‍ ഫോഴ്‌സും ഖത്തര്‍ നാഖിലാത്ത് കമ്പനിയും തമ്മില്‍ സൈനിക ബോട്ടുകള്‍ വാങ്ങുന്നതിനു 4.2 കോടി യൂറോക്ക് ധാരണയിലെത്തി.
തുര്‍ക്കി കമ്പനിയായ യൂങ്കാ ഔനിക്കുമായി ശത്രു ബോട്ടുകളെ തുരത്താന്‍ സാധിക്കുന്ന സ്പീഡ് ബോട്ടുകള്‍ വാങ്ങുന്നതിനു അമീരി ഫോഴ്‌സ് 4.1 കോടി യൂറോക്ക് കരാറിലെത്തി. യൂറോപ്യന്‍ കമ്പനിയായ സോദിക്കുമായും അമീരി മറൈന്‍ ഫോഴ്‌സ് ധാരണയിലെത്തി.
ടെക്‌നിക്കല്‍ അഫയേഴ്‌സ് അതോറിറ്റിയും ഫ്രഞ്ച് എയര്‍ബസും തമ്മില്‍ സെന്‍സിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു 20 കോടി റിയാലിനു ധാരണാപത്രത്തില്‍ ഒപ്പിട്ടു.
ആനിമേറ്റഡ് റഡാര്‍ പദ്ധതി സഹകരണത്തിനു സെക്യൂരിറ്റി കമ്മിറ്റി ഓഫ് ആംഡ് ഫോഴ്‌സസ് കാംപ്‌സും കൊറിയന്‍ കമ്പനിയായ എ ആന്റ് കെ പാര്‍ട്ണറുമായി സഹകരിക്കാന്‍ തീരുമാനമായി. 3.5 കോടി റിയാലിനാണ് കരാര്‍.
സ്റ്റിയറിങ് കമ്മിറ്റി ഓഫ് ഡ്രോണ്‍ പ്രൊജക്ടും അമേരിക്കന്‍ കമ്പനിയായ അറോറ ഫ്‌ളൈറ്റ് സയന്‍സസ് കോര്‍പറേഷനുമായും വെസ്‌കാം കമ്പനിയുമായും വ്യത്യസ്ത സഹകരണങ്ങള്‍ക്ക് കരാറിലെത്തി. എയ്‌റോസോന്‍ഡ് എംകെ 4.7 വിമാനങ്ങള്‍ വാങ്ങുന്നതിനു സ്റ്റിയറിങ് കമ്മിറ്റി ഓഫ് ഡ്രോണ്‍ പ്രൊജക്ടും അമേരിക്കന്‍ കമ്പനിയായ ടെക്‌സ്‌ട്രോണ്‍ സിസ്റ്റവും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അതേസമയം, വ്യത്യസ്ത പ്രതിരോധ കമ്പനികളുമായി 3258 കോടി റിയാലിന്റെ കരാറുകളിലാണ് രണ്ട് ദിവസത്തിനിടെ ഖത്തര്‍ ഏര്‍പ്പെട്ടത്.
ഇന്നലെ ഒപ്പുവച്ച എട്ട് ധാരണാ പത്രങ്ങള്‍ക്കു പുറമെ സമ്മേളനത്തിന്റെ രണ്ടാം ദിവസം പത്ത് ധാരണാപത്രങ്ങളിലും ഖത്തര്‍ പ്രതിരോധ സുരക്ഷാ വിഭാഗങ്ങള്‍ ഒപ്പുവച്ചിരുന്നു. 2775 കോടി റിയാലിന്റെ കരാറുകളിലാണ് രണ്ടാം ദിനം ഒപ്പുവച്ചത്.

RELATED STORIES

Share it
Top