ഡാമുകള്‍ ഉടന്‍ തുറന്നിരുന്നുവെങ്കില്‍ പ്രളയം രൂക്ഷമാവില്ലായിരുന്നു: ഉമ്മന്‍ചാണ്ടി

പത്തനംതിട്ട: നാട്ടില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന വിദഗ്ധരുടെ ഉപദേശം ലഭിച്ച ഉടന്‍ ഡാമുകള്‍ തുറന്നുവിട്ടിരുന്നു എങ്കില്‍ ഇത്രയും വലിയ പ്രളയം ഉണ്ടാകില്ലായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയം സര്‍ക്കാരിന്റെ ഉത്തരവാദിത്ത രഹിതമായ ഡാം മാനേജ്—മെന്റ് സൃഷ്ടിയാണെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വിദഗ്ധര്‍ ശക്തമായ മഴയുടെ മുന്നറിയിപ്പു നല്‍കിയപ്പോള്‍ ഡാമിലെ വെള്ളം ആനുപാതികമായി ഒഴുക്കിക്കളഞ്ഞിരുന്നെങ്കില്‍ മഹാപ്രളയം സൃഷ്ടിക്കാതെ രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു. ഈ സംഭവത്തിലൂടെ സര്‍ക്കാരിന്റെ ഏറ്റവും വലിയ തെറ്റും അനാസ്ഥയുമാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വികസനരംഗത്തെ വലിയ പ്രതീക്ഷകളും ടൂറിസം രംഗത്തെ സ്വപ്‌നങ്ങള്‍ക്കും ഈ പ്രളയത്തോടെ മങ്ങല്‍ ഏറ്റിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോബിന്‍ പരുമല, സംസ്ഥാന സെക്രട്ടറി അജോമോന്‍, പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അരുണ്‍രാജ് എന്നിവരാണ് 24 മണിക്കൂര്‍ ഉപവാസം നടത്തുന്നത്.
യോഗത്തില്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റോബിന്‍ പരുമല അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ സംസാരിച്ചു.

RELATED STORIES

Share it
Top