ഡാമുകളെല്ലാം നിലവില്‍ സുരക്ഷിതം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

തൃശൂര്‍: കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ച അതിതീവ്രമായ വര്‍ഷപാതമാണ് കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന് കാരണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിയും വിഴിഞ്ഞം കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ബിഡിഎ നേതൃത്വത്തില്‍ അയ്യന്തോളില്‍ സംഘടിപ്പിച്ച പ്രളയാനന്തര കേരളം വിഷയത്തെക്കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32 ഡാമുകള്‍ ഒരേ സമയം നിറഞ്ഞു കവിയുന്ന ഒരവസ്ഥ കേരളത്തില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ല. കേരളത്തിലെ ഡാമുകള്‍ക്ക് യാതൊരുവിധ സുരക്ഷാഭീഷണിയും നിലവില്‍ ഇല്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ജല കമ്മീഷന്‍ റിപോര്‍ട്ട് ഇത് സാധൂകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ജാഗരൂകരായിരുന്നില്ല.
പ്രളയത്തിനെ അതിജീവിക്കാന്‍ നമ്മുടെ നദികളില്‍ തടയണകള്‍ നിര്‍മിക്കേതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അപര്യാപ്തത മൂലം നമ്മുടെ ഭൂമിയിലെ മേല്‍മണ്ണ് നഷ്ടപ്പെട്ട് മണ്ണിന്റെ ജൈവസാന്നിധ്യം ഇല്ലാതാക്കുന്ന അവസ്ഥയും ഉണ്ടായി. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ജാഗരൂകരായി പ്രവര്‍ത്തിച്ചതു കൊണ്ട് കേരളീയരുടെ ജീവനും സ്വത്തിനും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. സദസ്സില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസായതിനാല്‍ അഭിപ്രായം പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ നമുക്ക് മുന്നോട്ട് പോകണമെങ്കില്‍ പ്രകൃതിവിഭവങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കേതുെണ്ടന്നും എന്നാല്‍ കേരളത്തിന്റെ നിലവിലുള്ള നിയമങ്ങള്‍ ഇതിനെല്ലാം എതിരാണെന്നും ഇതില്‍ പലതും മാറ്റേണ്ടതാണെന്നും എന്നാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള പുനര്‍ നിര്‍മാണ പ്രക്രിയ പൂര്‍ത്തീകരിക്കപ്പെടുകയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന മണല്‍, നിര്‍മാണപ്രക്രിയകളില്‍ ഉപയോഗിക്കുക വഴി പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിച്ച് ജലസമൃദ്ധി നിലനിര്‍ത്തുവാനും നമ്മള്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വരള്‍ച്ചയെ അതിജീവിക്കാനും കഴിയും എന്നും അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം ഡീ- കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി ഒറ്റയാള്‍പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സേവ് കേരള പ്രസിഡന്റ് അഡ്വ. റസ്സല്‍ ജോയ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും സുപ്രിം കോടതിയില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പും കേരളത്തിന്റെ നിസ്സംഗതയും മുഖ്യപ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലമാണ് പ്രളയസമയത്ത് ഒരു ദിവസം കൊണ്ട് 142 അടിയില്‍ നിന്ന് 139 അടിയിലേക്ക് തമിഴ്‌നാടിനെക്കൊണ്ട് ജലനിരപ്പ് കുറയ്ക്കാനുള്ള ഉത്തരവുണ്ടായത്. ഈ വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം മൗനം പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം പി സുരേന്ദ്രന്‍ കേരളത്തില്‍ പ്രളയദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതിനുള്ള കാരണം 32 ഡാമുകള്‍ ഒരുമിച്ചു തുറക്കുകയും ജലം അപ്പാടെ പുഴകളിലേക്ക് ഒഴുകിയെത്തുകയും മൂലമാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായത് എന്ന് സൂചിപ്പിച്ചു. ഇതില്‍ നമ്മുടെ ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ അലംഭാവവും നിരുത്തരവാദപരമായ കെടുകാര്യസ്ഥതയും ദൃശ്യമാണ്. മുന്‍- നിയമസഭാ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മിതിയില്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേതിന്റെ ആവശ്യകതയും പുനര്‍നിര്‍മാണത്തില്‍ കെട്ടിടനിര്‍മാണമേഖലയിലുള്ളവരുടെ ക്രയശേഷിയും കൂടുതല്‍ വിനിയോഗിക്കണമെന്ന് അഭിപ്രായപ്പെട്ടു. എം രാമകൃഷ്ണന്‍, വര്‍ഗീസ് തരകന്‍ (ക്ഷോണിമിത്ര സംസ്ഥാന അവാര്‍ഡ് ജേതാവ്), വി എസ് രാമകൃഷ്ണന്‍ (റിട്ട. അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍), സീനിയര്‍ അഡ്വ. എ വൈ ഖാലിദ്, അഡ്വ. എ ഡി ബെന്നി (കണ്‍സ്യൂമര്‍ ആക്റ്റിവിസ്റ്റ്), വി ജയദേവന്‍, ടി ആര്‍ കൃഷ്ണന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top