ഡാമുകളെല്ലാം നിറഞ്ഞു; പലതും തുറക്കേണ്ടി വരുമെന്ന ആശങ്ക


തൊടുപുഴ: ഇടമുറിയാതെ പെയ്യുന്ന കനത്തമഴയില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകളിലേക്കെല്ലാം വെള്ളം കുതിച്ചെത്തുന്നു. ഡാമുകളിലെ ജലശേഖരത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കാല്‍നൂറ്റാണ്ടിനു ശേഷം വീണ്ടും ഇടുക്കി ഡാം തുറക്കേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോള്‍ വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. അതേ സമയം, ഇത്രയും വെളളം വൈദ്യുതോല്‍പ്പാദനത്തിന് സഹായകമാകുമെന്ന ആശ്വാസവും അവര്‍ക്കുണ്ട്.

സാധാരണയായി കാലവര്‍ഷം ശക്തമാകുന്ന ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉല്‍പ്പാദനം പരമാവധി കുറച്ച് ജലം കരുതല്‍ നിക്ഷേപമായി സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച് ഡാം തുറക്കേണ്ടി വരുന്ന സാഹചര്യം ഏതു വിധേനയും ഒഴിവാക്കാനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം.

ശനിയാഴ്ച വൈകുന്നേരത്തെ കണക്കു പ്രകാരം ഇടുക്കി ഡാമില്‍ 2383.64 അടി വെള്ളമാണുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 77.827 ശതമാനമാണിത്. 2403 അടിയാണ് ഡാമിന്റെ മൊത്തം സംഭരണ ശേഷി. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.64 ശതമാനം മാത്രം വെള്ളമായിരുന്നു ഡാമിലുണ്ടായിരുന്നത്. ഇടുക്കി ഡാം കമ്മീഷന്‍ ചെയ്തതിനു ശേഷം ഇതിനു മുമ്പ് 1981ലും 1992 ലും മാത്രമാണ് ഡാം തുറക്കേണ്ടി വന്നത്. 2013ല്‍ കനത്തമഴയെത്തുടര്‍ന്ന് ഡാമില്‍ ജലനിരപ്പ് 2400.8 അടിവരെ ഉയര്‍ന്നെങ്കിലും വൈദ്യുതോല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കുകയായിരുന്നു വൈദ്യുതി വകുപ്പ് ചെയ്തത്. ഇത്തവണയും ഇതേ മാര്‍ഗമാണ് വൈദ്യുതി വകുപ്പ് ശ്രമിക്കുന്നത്.

1671.728 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ശനിയാഴ്ചത്തെ കണക്കുപ്രകാരം ഡാമില്‍ മൊത്തം സംഭരിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്‍പ്പാദിപ്പിച്ചത് 10.046 ദശലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു. വെള്ളിയാഴ്ചയാകട്ടെ ഇത് എട്ടു ദശലക്ഷം യൂണിറ്റായിരുന്നു.

മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പ് 23 ശതമാനമായിരുന്ന ജലശേഖരത്തിന്റെ അളവിലാണ് ഇപ്പോള്‍ വന്‍തോതിലുള്ള വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 79 ശതമാനത്തിലെത്തിയപ്പോള്‍, ഷോളയാര്‍ 89, ഇടമലയാര്‍ 89, കുണ്ടള 47, മാട്ടുപ്പെട്ടി 75, കുറ്റിയാടി 100, തരിയോട് 100, ആനയിറങ്കല്‍ 26, പൊന്മുടി 97, നേര്യമംഗലം 97, ലോവര്‍പെരിയാര്‍ 100 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ പ്രധാനപ്പെട്ട ഹൈഡല്‍ ഡാമുകളിലെ ജലനിരപ്പ്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top