ഡല്‍ഹി: മലിനീകരണം തടയാന്‍ അടിയന്തര നടപടി തുടങ്ങി

ന്യൂഡല്‍ഹി: ശൈത്യകാലം തുടങ്ങിയതോടെ ഡല്‍ഹിയി ല്‍ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര കര്‍മപദ്ധതി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനെന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ ജനറേറ്ററുകള്‍ക്കും മാലിന്യം കത്തിക്കലിനും നിരോധനം ഏര്‍പ്പെടുത്തി. ബദര്‍പൂരിലെ കല്‍ക്കരിപ്പൊടി ഫാക്ടറി അടച്ചുപൂട്ടി. ജനറേറ്ററുകള്‍ക്ക് ഡല്‍ഹിയില്‍ മാത്രമാണ് നിരോധനമുള്ളത്.
എന്‍സിആറി(നാഷനല്‍ ക്യാപിറ്റല്‍ റീജിയന്‍) ലെ വൈദ്യുതി വിതരണത്തിന്റെ പോരായ്മ കണക്കിലെടുത്ത് ഇപ്പോള്‍ അവിടെ നിരോധനം ഉണ്ടാവില്ല. ഇതോടൊപ്പം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. വായു കൂടുതല്‍ മോശമായാല്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് നാലിരട്ടിയാക്കി വര്‍ധിപ്പിക്കും. പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കുന്നതിനാണിത്. അതോടൊപ്പം മെട്രോ, ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടും.
നഗരത്തിലേക്ക് അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകള്‍ ഒഴികെയുള്ളവ നിരോധിക്കും. കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പുറമേ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. സ്‌കൂളുകള്‍ക്ക് അവധികൊടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ക ര്‍മസേനയ്ക്ക് രൂപം നല്‍കും. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം ഈ കര്‍മസേനയാണു സ്വീകരിക്കുക. റോഡുകളില്‍ വെള്ളം തളിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമുണ്ടാവും. പ്രഗതി മൈതാനിയില്‍ നവരത്‌ന സെന്‍ട്രല്‍ പബ്ലിക് സെക്റ്റര്‍ നടത്തുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരുവുകളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു പുതിയ സംവിധാനം നടപ്പാക്കും.
അയല്‍സംസ്ഥാനങ്ങളിലെ ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന വയലുകളില്‍ സീസണില്‍ വിത്തിറക്കുന്നതിനു മുന്നോടിയായി കര്‍ഷകര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതില്‍നിന്ന് ഉയരുന്ന പുകയാണ് ഡല്‍ഹിയെ മലിനമാക്കുന്നതില്‍ പ്രധാനപ്പെട്ടത്. അതു തടയാന്‍ അതത് സര്‍ക്കാരുകളുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്ന ഇത്തരം നടപടി ക്രിമിനല്‍ക്കുറ്റമാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വായുമലിനീകരണം കുറയ്ക്കാനായിരുന്നു. മോശം എന്ന വിഭാഗത്തിലാണ് ഡല്‍ഹിയിലെ വായുവിനെ ഇപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു വളരെ മോശം എന്ന വിഭാഗത്തിലേക്കുയരുകയാണെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളുണ്ടാവും.

RELATED STORIES

Share it
Top