ഡല്‍ഹി മന്ത്രിമാര്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. സര്‍ക്കാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്താന്‍ കെജ്‌രിവാളിനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ എഴുതി അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് എഎപി മന്ത്രിമാര്‍ സമരം അവസാനിപ്പിച്ചത്.  സമരം ഒമ്പതു ദിവസം പിന്നിട്ടശേഷമാണ് ഒത്തുതീര്‍പ്പിലെത്തിയത്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലിയിലേക്കു മടങ്ങിവന്നതായും ഇതേത്തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഇന്നലെ പല ഉദ്യോഗസ്ഥരും ഓഫിസില്‍ ഹാജരായെന്നും സിസോദിയ വ്യക്തമാക്കി. ഇത് ധര്‍ണയായിരുന്നില്ലെന്നും തങ്ങള്‍ ഗവര്‍ണറെ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്ത് ഐഎഎസ് ഓഫിസര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സഹായമഭ്യര്‍ഥിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ തയ്യാറാണെന്നു വ്യക്തമാക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍  മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുന്നത്. ഇരുവിഭാഗത്തിന്റെയും ആശങ്കകള്‍  ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന്  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി കെജ്‌രിവാളിനോട് അഭ്യര്‍ഥിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍  വ്യക്തമാക്കി.
അതിനിടെ, കെജ്‌രിവാളിന്റെ പ്രതിഷേധം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാനാവില്ലെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ഹരജി വേനലവധിക്കുശേഷം പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

RELATED STORIES

Share it
Top