ഡല്‍ഹി ചലോ പ്രഖ്യാപനവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരേ പ്രാദേശിക പാര്‍ട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ ഡല്‍ഹിയും ചെങ്കോട്ടയുമാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബിജെപി തന്ത്രങ്ങള്‍ വിജയിക്കാന്‍ പോവുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക സ്ഥാനം വഹിക്കും. ഡല്‍ഹി ചലോ, ലാല്‍കിലാ ചലോ എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നതായും മമത വ്യക്തമാക്കി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമത ബാനര്‍ജിയും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനും പരസ്പര സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികളെ ഒന്നിപ്പിക്കുന്നതിനു ശ്രമിക്കുമെന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും അറിയിച്ചിട്ടുണ്ട്. പിന്തുണ വാഗ്ദാനം ചെയ്തു മമത ചന്ദ്രശേഖര്‍ റാവുവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശിവസേനാ നേതാവായ ഉദ്ധവ് താക്കറെയുമായി കേന്ദ്രതലത്തിലെ സഹകരണം സംബന്ധിച്ച് മമത നേരത്തേ തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്.
സമാനമായി മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും രാഷ്ട്രീയ ഐക്യം രൂപപ്പെടുന്നുണ്ട്.  യുപിയിലെ  ഉപതിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും കൈകോര്‍ക്കാമെന്നു തത്ത്വത്തില്‍ സമ്മതിച്ചിരുന്നു.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മോശം പ്രകടനം ഇടതു പാര്‍ട്ടികളടക്കമുള്ളവരുടെ നിലപാടുമാറ്റത്തിനു കാരണമാവുന്നുണ്ട്. മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നതിന് മുസ്‌ലിംലീഗ് ശ്രമിക്കുമെന്നു പി കെ കുഞ്ഞാലിക്കുട്ടി എംപിയും അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top