ഡല്‍ഹി കൂട്ട മരണം; അവസാന നിമിഷം ദൈവം രക്ഷയ്‌ക്കെത്തുമെന്ന് മരിച്ചവര്‍ വിശ്വസിച്ചിരുന്നു: പോലിസ്‌

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയിലെ സാന്ത് നഗറില്‍ 11 പേരുടെ കൂട്ടമരണത്തിന് കാരണമായതു വിചിത്രമായ വിശ്വാസങ്ങളെന്നു പോലിസ്. കൂട്ടമരണം നടന്ന വീട്ടില്‍നിന്നു ലഭിച്ച കൈയെഴുത്തു കുറിപ്പിലാണു കുടുംബത്തിന്റെ ദുര്‍മന്ത്രവാദവും വ്യത്യസ്തമായ ആത്മീയവഴികളെക്കുറിച്ചും പ്രതിപാദിക്കുന്നത്. നാരായണ്‍ ദേവി (77), മക്കളായ പ്രതിഭ (57), ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക (33) എന്നീ 11 പേരെയാണു കഴിഞ്ഞദിവസം മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇവരില്‍ 10 പേരുടെയും കണ്ണുംവായും മൂടിക്കെട്ടുകയും ചിലരുടെ കൈകളും കാലുകളും ബന്ധിക്കുകയും ചെയ്തിരുന്നു. കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വീട്ടില്‍ നിന്നു ലഭിച്ച കുറിപ്പാണ് സംഭവത്തിന് പിന്നിലെ വിചിത്ര വിശ്വാസങ്ങളിലേക്കു വെളിച്ചംവീശുന്നത്. കണ്ണും വായും മറച്ച് മനുഷ്യര്‍ക്ക് ഭയത്തെ അതിജീവിക്കാമെന്നു കുറിപ്പില്‍ വ്യക്തമാക്കുന്നു.
മനുഷ്യശരീരം താല്‍ക്കാലികമായ അവസ്ഥയാണ്. ആത്മാവിന് മരണമില്ല. മോക്ഷപ്രാപ്തിക്കായി എങ്ങനെ മരണത്തെ സ്വീകരിക്കണമെന്നും കുറിപ്പിലുണ്ട്. മാത്രമല്ല, ചില ആചാരങ്ങള്‍ക്ക് ശേഷം തൂങ്ങിമരിക്കുമ്പോള്‍ മരണത്തിന്റെ അവസാനനിമിഷം ദൈവം നേരിട്ടു പ്രത്യക്ഷപ്പെടുമെന്നും കുടുംബം വിശ്വസിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കുടുംബം ആചരിച്ചിരുന്ന വിചിത്ര ആചാരങ്ങളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഘം ചേര്‍ന്ന് ഈ ആചാരങ്ങള്‍ പാലിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നു പറയുന്നു. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നു പോലിസ് അറിയിച്ചു. ദിവസവും മൂന്ന് നേരമെങ്കിലും കുടുംബം ഇത്തരം വിചിത്ര ആചാരങ്ങളടങ്ങിയ പ്രാര്‍ഥന നടത്തിയിരുന്നുവെന്നു അയല്‍വാസികളും സാക്ഷ്യപ്പെടുത്തി.
ലളിത് ഭാട്ടിയക്ക് 10 വര്‍ഷം മുമ്പ് ഒരപകടം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനു സംസാരശേഷി നഷ്ടപ്പെട്ടു. നിരവധി ചികില്‍സ നടത്തിയിട്ടും തിരിച്ചുകിട്ടാത്ത സംസാരശേഷി പ്രാര്‍ഥനയിലൂടെ തിരിച്ചുകിട്ടിയതായി കുടുംബം സാക്ഷ്യപ്പെടുത്തിയിരുന്നുവത്രെ. മരിച്ചവരില്‍ ആറു പേരുടേതു തൂങ്ങിമരണമാണെന്നും മറ്റു ബലപ്രയോഗങ്ങള്‍ നടന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top