ഡല്‍ഹി: കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. 10 പേരുടെ മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും ഒരു വയോധികയുടെ മൃതദേഹം നിലത്തുമാണു കണ്ടെത്തിയത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളും നാലുപേര്‍ പുരുഷന്‍മാരുമാണ്. രണ്ട് കൗമാരക്കാരും ഇതിലുള്‍പ്പെടുന്നു. തൂങ്ങിമരിച്ചവരില്‍ മിക്കവരുടെയും കണ്ണുകളും കൈകളും തുണിയുപയോഗിച്ച് കെട്ടിയിട്ടുണ്ട്.
മരിച്ചവരില്‍ നാരായണ്‍ ഭാട്ടിയ (75), പ്രതിഭ (60), പ്രിയങ്ക (30), ഭൂപി ഭാട്ടിയ (46), സവിത (42), നിതു (24), മീനു (22), ധീരു (12), ലളിത് ഭാട്ടിയ (42), ടീന (38) എന്നിവരെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ പോലിസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ മറ്റുള്ളവരെ കൊന്നശേഷം ആത്മഹത്യ ചെയ്തതാണെന്നാണു പോലിസ് സംശയിക്കുന്നത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്നു കരുതുന്നു. ഇതിനിടെ ഉണര്‍ന്ന സ്ത്രീയെ കഴുത്തറുത്തു കൊലപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ കടകളില്‍ ഒരെണ്ണം അടുത്ത സമയത്ത് വിറ്റിരുന്നെന്നും ഈ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ജോയിന്റ് കമ്മീഷണര്‍ രാജേഷ് ഖുറാന പറഞ്ഞു.
വ്യാപാരസ്ഥാപനം നടത്തുന്ന കുടുംബം ഞായറാഴ്ച രാവിലെ കട തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ സമീപവാസിയാണ് വിവരം പോലിസിലറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയാവാം സംഭവത്തിനു പിന്നിലെന്നു സമീപവാസികള്‍ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കൂട്ടമരണം നടന്ന വീട് സന്ദര്‍ശിച്ചു. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ നിന്ന് 20 വര്‍ഷം മുമ്പാണ് ബുരാരിലെ സാന്ദ് നഗറിലേക്ക് കുടുംബം താമസം മാറ്റിയത്.

RELATED STORIES

Share it
Top