ഡല്‍ഹിയെ തളച്ചിട്ട് ചെന്നൈക്കൂട്ടം; പട്ടികയില്‍ തലപ്പത്ത്


പൂനെ: എംഎസ് ധോണിയും ഷെയ്ന്‍ വാട്‌സണും ബാറ്റിങ് വെടിക്കെട്ട് കാഴ്ചവച്ച മല്‍സരത്തില്‍ ഡല്‍ഹിക്കെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആവേശ ജയം. പൊരുതി നോക്കിയ ഡല്‍ഹിയെ 13 റണ്‍സിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 198 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപണര്‍മാരായ വാട്്‌സണും (78) ഫഫ് ഡുപ്ലെസിസും (33) ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. 10.5 ഓവറില്‍ 102 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ഡുപ്ലെസിസിനെ മടക്കി വിജയ് ശങ്കര്‍ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെയെത്തിയ സുരേഷ് റെയ്‌നയെ (1) ഗ്ലെന്‍ മാക്‌സ്‌വെല്‍  പെട്ടെന്ന് മടക്കി. എന്നാല്‍ ഒരു വശത്ത് വെടിക്കെട്ട് തീര്‍ത്ത വാട്‌സണ്‍ 40 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സറുമായി സെഞ്ച്വറിയിലേക്കടുക്കവെ അമിത് മിശ്രക്ക് മുന്നില്‍ വീണു. പിന്നീടൊത്തു ചേര്‍ന്ന അമ്പാട്ടി റായിഡുവും (41) ധോണിയും ചേര്‍ന്ന് (51*) അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചതോടെ ചെന്നൈ സ്‌കോര്‍ബോര്‍ഡ് 211ലേക്കെത്തുകയായിരുന്നു. ധോണി 22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സറും അക്കൗണ്ടിലാക്കിയപ്പോള്‍ റായിഡു 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടിച്ചെടുത്തു.
കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് വേണ്ടി റിഷഭ് പാന്ത് (79), വിജയ് ശങ്കര്‍ (54*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും ഡല്‍ഹിയെ വിജയിപ്പിക്കാനായില്ല. ചെന്നൈക്ക് വേണ്ടി അരങ്ങേറ്റ മല്‍സരം കളിച്ച മലയാളി താരം കെ എം ആസിഫ് രണ്ട് വിക്കറ്റുകള്‍ നേടി തിളങ്ങി.
ജയത്തോടെ 12 പോയിന്റുകളുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാല് പോയിന്റുള്ള ഡല്‍ഹി എട്ടാം സ്ഥാനത്താണ്.

RELATED STORIES

Share it
Top