ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരം: ലെഫ്. ഗവര്‍ണര്‍ക്ക് രൂക്ഷ വിമര്‍ശനം; ഒന്നും ചെയ്യുന്നില്ലെന്നു സുപ്രിംകോടതി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ മാലിന്യക്കൂമ്പാരം നീക്കംചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനു ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ലെഫ്. ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹം അതു വിനിയോഗിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
“താനാണ് ഏറ്റവും വലിയ ശക്തി കേന്ദ്രമെന്നാണു നിങ്ങള്‍ പറയുന്നത്. എന്നാല്‍, നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ ആര്‍ക്കും ചോദ്യംചെയ്യാനും പാടില്ല.’ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായ ഭാഷയില്‍ ലെഫ്. ഗവര്‍ണറെ വിമര്‍ശിച്ചു. മാലിന്യം നീക്കം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ എത്ര നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നു കോടതി ചോദിച്ചു. ഇത് പരിഹരിക്കാന്‍ ഇനി എത്ര സമയം വേണമെന്നും കോടതി ആരാഞ്ഞു.
മാലിന്യം നീക്കംചെയ്യല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതലയാണെന്നും അവയ്ക്കു മേല്‍ തനിക്കാണ് അധികാരമെന്നും കോടതിയില്‍ ലെഫ്. ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ച ശേഷമാണ് ബെഞ്ചിന്റെ നിരീക്ഷണം. ലെഫ്. ഗവര്‍ണര്‍ക്കാണോ, സര്‍ക്കാരിനാണോ കൂടുതല്‍ അധികാരമെന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധിയായിരുന്നു സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് ലെഫ്. ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി വീണ്ടും രംഗത്തെത്തിയത്.  ഒഖ്‌ല, ഭല്‍സ്വ, ഗാസിപൂര്‍ എന്നിവിടങ്ങളിലെ മൂന്നുമാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നത് ആരുടെ ഉത്തരവാദിത്തമാണെന്ന് അറിയിക്കണമെന്നു ചൊവ്വാഴ്ച കോടതി ലെഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നതു മൂലം ഡല്‍ഹി നിവാസികള്‍ക്ക് ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

RELATED STORIES

Share it
Top