ഡബ്ല്യൂസിസിക്ക് പിന്തുണയുമായി ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ
kasim kzm2018-07-01T10:00:56+05:30
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കും വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂസിസി) പ്രവര്‍ത്തകര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര മേഖലയിലെ നൂറോളം പേര് ഒപ്പിട്ട് പ്രസ്താവന പുറത്തിറക്കി. ലൈംഗികാക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുകയാണെന്നായിരുന്നു പ്രസ്താവനയിലുള്ളത്. സംവിധായകരായ ആഷിക് അബു, രാജീവ് രവി, നടന്മാരായ അലന്‍സിയര്‍, വിനായകന് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. നിയമപരവും സാമൂഹികപരവും തൊഴില്‍പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടനെതിരേ സ്വീകരിച്ചിരുന്ന നടപടി വെറും മുഖംരക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞതായും പ്രസ്താവന സൂചിപ്പിക്കുന്നു. രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും സ്ത്രീ കൂട്ടായ്മ രൂപവല്‍ക്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും ഇവര്‍ പറയുന്നു. നിക്ഷിപ്തതാല്പര്യങ്ങള്ക്കും ജാതി, മത, ലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും അഭ്യര്‍ഥിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, അന്‍വര്‍ അലി, ഡോ. ബിജു, നടിമാരായ സജിത മഠത്തില്‍, കനി, ഉണ്ണിമായ തുടങ്ങി 96 പേരാണ് ഒപ്പിട്ടിരിക്കുന്നത്.