ഡബ്ല്യുസിസി: ഭിന്നാഭിപ്രായവുമായി സിദ്ദീഖും ജഗദീഷും

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ അമ്മ ഭാരവാഹികള്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ നടത്തിയതോടെ ഇവര്‍ക്കിടയിലെ ഭിന്നത വ്യക്തമായി. ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ഖജാന്‍ജി ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ നിരാകരിച്ച് സംഘടനാ സെക്രട്ടറി എന്ന നിലയില്‍ നടന്‍ സിദ്ദിഖ് വാര്‍ത്താ സമ്മേളനവുമായി രംഗത്തുവന്നതോടെയാണ് ഭിന്നത വ്യക്തമായത്. ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അറിയില്ലെന്നും തന്നെയാണ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ചുമതലപ്പെടുത്തിയതെന്നും സിദ്ദിഖ് പറയുന്നു.
ആരു പറയുന്നതാണ് അമ്മ സംഘടനയുടെ ഒദ്യോഗിക നിലപാടെന്ന് വ്യക്തമാക്കണമെന്ന് ഡബ്ല്യുസിസി അംഗവും അമ്മയിലെ അംഗവുമായ പാര്‍വതി ആവശ്യപ്പെട്ടതോടെ വിവാദത്തിന് ചൂടു പിടിച്ചു. ഔദ്യോഗിക വക്താവാണ് താനെന്ന വിശദീകരണത്തോടെയാണ് ഇന്നലെ രാവിലെ ഖജാന്‍ജിയായ ജഗദീഷ് വാര്‍ത്താക്കുറിപ്പിറക്കിയത്. ഡബ്ല്യുസിസി ഉന്നയിച്ച പരാതികള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയതിനു കാരണം പ്രളയമാണെന്നും വൈകാതെ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ പുറത്തുപോയവര്‍ പുറത്തുതന്നെ എന്നു വ്യക്തമാക്കിയാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത്. പ്രസിഡന്റ് മോഹന്‍ലാലുമായി ആലോചിച്ചാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് വ്യക്തമാക്കുമ്പോള്‍ മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് തന്റെ വാര്‍ത്താസമ്മേളനമെന്നാണ് സിദ്ദിഖിന്റെ വിശദീകരണം.

RELATED STORIES

Share it
Top