ഡബ്ല്യുസിസിക്ക് നേരെ അസഭ്യവര്‍ഷവുമായി നടന്മാരുടെ ആരാധകര്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരേ പരസ്യവിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷവുമായി നടന്മാരുടെ ആരാധക സംഘം.
താരസംഘടനയുടെ തലപ്പത്തുള്ള പ്രമുഖ നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെട്ടുകൊണ്ടാണു പലരും ഫേസ്ബുക്ക് പേജില്‍ നടിമാര്‍ക്കെതിരേ അശ്ലീല പദപ്രയോഗങ്ങളിലൂടെ സൈബര്‍ ആക്രമണവുമായി പ്രത്യക്ഷപ്പെട്ടത്.
എറണാകുളം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനം സംഘടനയുടെ പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ആ ഫേസ്ബുക്ക് ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റ് ബോക്‌സുകളിലാണ് ആരാധകരുടെ അതിരുവിട്ട പ്രയോഗങ്ങള്‍.
വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ ഫീല്‍ഡ് ഔട്ട് ആയ നടിമാരെന്നു വിശേഷിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍ നടിമാരെന്നു വിശേഷിപ്പിച്ചത് എങ്ങനെ അപമാനമാവുമെന്നും അമ്മയുടെ പ്രസിഡന്റിനെ അയാള്‍ എന്നു വിളിക്കുന്നതു ശരിയാണോയെന്നും ചിലര്‍ ചോദിക്കുന്നു.
ദീലിപിനെ പിന്തുണച്ചുള്ള പോസ്റ്റുകളും ഇടയ്ക്കു പ്രത്യക്ഷപ്പെടുന്നുണ്ട്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരെയും അവഹേളിക്കുന്നതോടൊപ്പം ഇനി തിയേറ്ററില്‍ അവരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തുന്നു.

RELATED STORIES

Share it
Top