ഡബിള്‍സ്‌ട്രോങോടെ ഇന്ത്യ; ലങ്കയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോറിലേക്ക്
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വീരോചിത പ്രകടനം ന്യൂഡല്‍ഹിയിലും ഇന്ത്യ ആവര്‍ത്തിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. സെഞ്ച്വറിയോടെ മുരളി വിജയിയും (155) വിരാട് കോഹ്‌ലിയും (156*) കളം വാണ മല്‍സരത്തിന്റെ ഒന്നാം ദിനം കളി പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 371 എന്ന  നിലയിലാണുള്ളത്. കോഹ്‌ലിക്കൊപ്പം രോഹിത് ശര്‍മയാണ് (6) ക്രീസിലുള്ളത്.ഓപണിങില്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തി മുരളി വിജയ് - ശിഖര്‍ ധവാന്‍ കൂട്ടുകെട്ടുമായി ഇറങ്ങിയ ഇന്ത്യ  ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും ദില്‍റൂവന്‍ പെരേരയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച  ധവാന്‍ (23) പുറത്തായി. സുരങ്ക  ലക്മാലിന്റെ തകര്‍പ്പന്‍€ക്യാച്ചിലാണ് ധവാന്റെ  മടക്കം.  ധവാന്റെ വിക്കറ്റ് നേടിയതോടെ ദില്‍റൂവന്‍  പെരേര 100 ടെസ്റ്റ് വിക്കറ്റും അക്കൗണ്ടിലാക്കി. ഇതോടെ  ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന റെക്കോഡും പെരേര സ്വന്തമാക്കി. 25ാം ടെസ്റ്റിലൂടെ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയ പെരേര മറികടന്നത് 27 ടെസ്റ്റില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഇതിഹാസ ബൗളര്‍ മുത്തയ്യ മുരളീധരന്റെ റെക്കോഡാണ്.  മൂന്നാമന്‍ ചേതേശ്വര്‍ പുജാരയെ (23)  മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ  ലഹിരു ഗമേഗ പുറത്താക്കി. എന്നാല്‍  ലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കോഹ്‌ലി - മുരളി സഖ്യം പ്രതിരോധത്തിന്റെ ഉരുക്കുകോട്ട തീര്‍ത്തതോടെ കളി ഇന്ത്യന്‍ വരുതിയിലേക്കായി. ലങ്കന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ച് വിജയ് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി പൂര്‍ത്തിയാക്കി. 163 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികള്‍ പറത്തിയാണ് വിജയ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അധികം വൈകാതെ ഇന്ത്യയുടെ ചങ്കുറപ്പുള്ള നായകന്‍ കോഹ്‌ലിയും സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു.  110 പന്തുകളില്‍ 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്‌ലിയുടെ സെഞ്ച്വറി പിറന്നത്. ഇരുവരും അപരാജിത കൂട്ടുകെട്ടുമായി മുന്നേറവെ ലക്ഷന്‍ സണ്ടകന് മുന്നില്‍ മുരളി വീണു. 267 പന്തുകള്‍ നീണ്ട് 13 ഫോറുകള്‍ ഉള്‍പ്പെട്ട മുരളിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനെ നിരോഷന്‍ ഡിക്ക്‌വെല്ല സ്റ്റംപ് ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 283 റണ്‍സിന്റെ കൂട്ടുകെട്ട് സമ്മാനിച്ച് വിജയ് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 361 എന്ന മികച്ച നിലയിലായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ (1) വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തുകള്‍ മാത്രം നീണ്ട രഹാനെയുടെ ഇന്നിങ്‌സിനെ സണ്ടകന്റെ പന്തില്‍ ഡിക്ക്‌വെല്ല സ്റ്റംപ് ചെയ്യുകയായിരുന്നു. ലങ്കയ്ക്ക് വേണ്ടി നിരോഷന്‍ ഡിക്ക്‌വെല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലഹിരു ഗമേഗയും ദില്‍റൂവന്‍ പെരേരയും ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top