ടൗണ്‍ നവീകരണത്തിന് ഒച്ചിന്റെ വേഗം: വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതം

കാളികാവ്: ടൗണ്‍ നവീകരണ പ്രവൃത്തിക്ക് ഒച്ചിന്റെ വേഗമെന്ന് ആക്ഷേപം. ഇതുമൂലം വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതം. മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്‍ത്തിയാവാതെ കാളികാവ് ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി ഇഴയുകയാണ്. ഒന്നേമുക്കാല്‍ കോടിയുടെ കാളികാവ് ടൗണ്‍ നവീകരണ പദ്ധതിയാണ് ഇഴച്ചില്‍ തുടരുന്നത്. നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇനിയും എത്ര കാത്തിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ചോദിക്കുന്നത്. മാസങ്ങളായി നടക്കുന്ന കാളികാവ് അങ്ങാടി നവീകരണം വൈകുന്നത് ജനത്തെ പൊറുതി മുട്ടിച്ചിട്ടുണ്ട്.
നിര്‍മാണ ഘട്ടത്തില്‍ പലവട്ടം മുടങ്ങിയ പ്രവൃത്തികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അങ്ങാടിയില്‍നിന്ന് ചെത്ത്കടവ്- പോലിസ് സ്റ്റേഷന്‍ റോഡുകള്‍ കൂടി വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി പരാതിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. മുടങ്ങിക്കിടക്കുന്ന ഈ പ്രവൃത്തി ഇനിയും പുനരാരംഭിച്ചിട്ടില്ല. റോഡിലെ ഗട്ടറുകളും കുഴികളും യാത്ര ദുഷ്‌കരമാക്കിയിരിക്കുകയാണ്.
കെട്ടിടങ്ങളൊക്കെ പൊളിച്ചതല്ലാതെ ഈ ഭാഗത്ത് നവീകരണങ്ങള്‍ നടക്കാത്തതില്‍ കെട്ടിടമുടമകള്‍ക്കു പ്രതിഷേധമുണ്ട്. ഇവിടെ കച്ചവടങ്ങളും കുറഞ്ഞിരിക്കുകയാണ്. അഴുക്കുചാല്‍ നവീകരണ പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മൂന്നോ, നാലോ ആളുകള്‍ വല്ലപ്പോഴും എടുക്കുന്ന ജോലി മാത്രമാണു നടക്കുന്നത്. പള്ളിക്കുന്ന് ഭാഗത്തേക്കുള്ള റോഡുകളുടെ പ്രശ്‌നവും ഇതേവരെ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ടാറിങ് മുടങ്ങിക്കിടക്കുന്ന ഭാഗത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇതിനു പുറമെ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയും അങ്ങാടി ചളിക്കുളമായിരിക്കുന്നു.
ആറുമാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന കാളികാവ് നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top