ടൗണിലെ അഞ്ച് കടകളില്‍ മോഷണം

മുക്കം: മുക്കത്ത് വീണ്ടും മോഷണം. കഴിഞ്ഞ വെള്ളിയാഴ്ച കുമാരനെല്ലൂര്‍ തടപ്പറമ്പില്‍ പട്ടാപകല്‍ പകല്‍ വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഞായറാഴ്ച രാത്രി മുക്കം അങ്ങാടിയില്‍ വിവിധ കടകളില്‍ മോഷണം നടന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാര്‍ഷികോല്‍പന്ന വിപണന മാര്‍ക്കറ്റ് കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, ബസ് സ് സ്റ്റാന്റ് പരിസരത്തെ കെആര്‍ ബേക്കറിയിലുമാണ് കളവ് നടന്നത്.
മുഹമ്മദ് റാഷിദിന്റെ ഉടമസ്ഥതയിലുള്ള ഗ്ലാമര്‍ ബ്യൂട്ടി സലൂണില്‍ നിന്നു 40,00ഓളം രൂപ നഷ്ടപ്പെട്ടു. ഇതിനടുത്തു തന്നെ അലങ്കാര മല്‍സ്യങ്ങളും പക്ഷികളും മറ്റും വില്‍ക്കുന്ന മലബാര്‍ അക്വേറിയം ആന്റ് പെറ്റസ് എന്ന സ്ഥാപനത്തിലും പൂട്ട് തകര്‍ത്ത് കയറിയ കള്ളന്‍ അവിടെ നിന്നും പണം മോഷ്ടിച്ചു. കുറാമ്പ്ര അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തൊട്ടടുത്തുള്ള കോഴിക്കടയിലും പലചരക്ക് കടയിലും മോഷണം നടന്നു. അല്‍പമകലെ ബസ് സ്റ്റാന്റ് പരിസരത്തുള്ള കെആര്‍ ബേക്കറിയിലും കള്ളന്‍ കയറി. എല്ലാ കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ക്കും കൃത്യമായ കണക്കറിയില്ല.
ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് എല്ലായിടത്തും മോഷ്ടാക്കള്‍ പ്രവേശിച്ചത്. ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പ്രതികളെ പിടികൂടാന്‍ സഹായകരമാണെന്നാണ് കരുതുന്നത്. മുക്കത്തിനടുത്ത കുമാരനല്ലൂരിലെ കുന്നത്ത് ഭരതന്റെ വീട്ടിലാണ് വെള്ളിയാഴ്ച പകല്‍സമയത്ത് മോഷണം നടന്നത്.

RELATED STORIES

Share it
Top