ട്വിറ്ററിലെ വ്യാജന്‍മാര്‍: മോദിയ്ക്ക് നഷ്ടമായത് മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ

ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ നടപടി തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ ഇടിവ്. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മൂന്ന് ലക്ഷവും, ഔദ്യോഗിക അക്കൗണ്ടില്‍ 1.70 ലക്ഷം പേരുടെയും ഇടിവാണുണ്ടായത്. ഇതോടെ, മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം  4.34 കോടിയില്‍നിന്നു 4.31 കോടിയായി കുറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷന് 17,503 ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ 73.3 ലക്ഷം ഫോളോവേഴ്‌സാണ് രാഹുലിനുള്ളത്. വ്യാജവും നിഷ്‌ക്രിയവുമായ അക്കൗണ്ടുകള്‍ പൂട്ടാനുള്ള ട്വിറ്ററിന്റെ നടപടിയാണ് നേതാക്കള്‍ക്ക് തിരിച്ചടിയായത്.



ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കെജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെയാണ് ഫോളോവേഴ്‌സ് നഷ്ടം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്.ട്രംപിന്റെ ഫോളേവേഴ്‌സില്‍ ഒരു ലക്ഷം പേരെയും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് നാലു ലക്ഷം പേരെയും നഷ്ടപ്പെട്ടു. അതേസമയം,ഇരുപത് മാസത്തിനിടയില്‍ ഏഴുകോടി വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിച്ചത്. ഒരു കോടി 30 ലക്ഷം അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.വ്യാജ അക്കൗണ്ടാണെന്ന് തോന്നുന്നവയോട് ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആവശ്യപ്പെടുകയാണ് ട്വിറ്റര്‍ ചെയ്യുന്നത്. ഇത് നല്‍കിയാല്‍ അക്കൗണ്ട് തുടരാം. അല്ലാത്തവ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.

RELATED STORIES

Share it
Top