ട്വന്റി ലോകകപ്പ് 2020ല്‍ദുബയ്: 2018ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2020ലേക്ക് മാറ്റി. മിക്ക ടീമുകള്‍ക്കും നേരത്തെ തീരുമാനിച്ച രാജ്യാന്തര മല്‍സരങ്ങള്‍ നടക്കാനുള്ളതിനാലാണ് ലോകകപ്പ് മാറ്റിവച്ചത്. ഏഴാമത് ട്വന്റി20 ലോകകപ്പ് 2020ലേക്ക് മാറ്റുകയാണെന്ന് അറിയിച്ച ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വേദി ഏതെന്ന് വ്യക്തമാക്കിയില്ല. ഐസിസി അംഗങ്ങള്‍ ഒന്നടങ്കം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, ആസ്‌ത്രേലിയയോ ദക്ഷിണാഫ്രിക്കയോ മല്‍സര വേദിയായേക്കാനാണ് സാധ്യത. ആദ്യത്തെ ട്വന്റി ലോകകപ്പ് ദക്ഷിണാഫ്രിക്കയിലാണ്(2007) നടന്നത്. ഇംഗ്ലണ്ട് (2009), വെസ്റ്റ് ഇന്‍ഡീസ് (2010), ശ്രീലങ്ക (2012), ബംഗ്ലാദേശ് (2014), ഇന്ത്യ (2016) എന്നീ രാജ്യങ്ങളും ലോകകപ്പ് വേദിയായിട്ടുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള ലോകകപ്പില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു ഇടവേള വരുന്നത്. ഇന്ത്യന്‍ ടീമിനടക്കം പ്രമുഖ ടീമുകള്‍ക്ക് മുഴുവനും അടുത്ത വര്‍ഷം തിരക്കിട്ട മല്‍സരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ പരമ്പര ആരംഭിക്കും. പിന്നീട് ഇംഗ്ലണ്ടിനോടും ആസ്‌ത്രേലിയയോടും പരമ്പര കളിക്കും.

RELATED STORIES

Share it
Top