ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്ന് രാത്രി 12ന് നീണ്ടകര പാലത്തിന് കുറുകെയുള്ള തൂണുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലിലേക്ക് പ്രവേശിക്കുന്നത് തടയുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുന്നത്. 47 ദിവസത്തേക്കാണ് ഇത്തവണയും ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കും. സംസ്ഥാനത്ത് മുവായിരത്തോളം ബോട്ടുകള്‍ മല്‍സ്യബന്ധനം നടത്തുന്നുണ്ട്. അവകള്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ വിശ്രമവേളകളാണ്. ഈ സമയം ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തും. മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 45,000ത്തോളം മല്‍സ്യത്തൊഴിലാളികളേയും അതിന് പുറമെ ലക്ഷക്കണക്കിന് അനുബന്ധ തൊഴിലാളികളെയും ബാധിക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിത ബീഗം നീണ്ടകര കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനില്‍ വച്ച് കരുനാഗപ്പള്ളി കൊല്ലം സബ് ഡിവിഷന്‍ പോലിസ് ഉദ്യോഗസ്ഥര്‍, കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എന്നിവരുടെ യോഗം ഇന്നലെ വിളിച്ചു ചേര്‍ത്തു. ട്രോളിങ് നിരോധന കാലയളവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ കമ്മീഷണര്‍ തീരദേശ മേഖലയില്‍ കൂടുതല്‍ പോലിസ് സാന്നിധ്യം ഉറപ്പുവുരത്തുന്നതിനും കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനിലെ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ കേടായി കിടക്കുന്നതിനാല്‍ ഫിഷിങ് ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് നീണ്ടകരയിലും കൊല്ലത്തും നിരീക്ഷണത്തിന് ഉപയോഗിക്കാനും നിര്‍ദേശം നല്‍കി. കൂടാതെ ഇപ്പോള്‍ ഫിഷിങ് ബോട്ടുകള്‍ക്ക് ഭീഷണിയായി ശക്തികുളങ്ങര പുലിമുട്ടില്‍ മുങ്ങിയിരിക്കുന്ന ഫിഷിങ് ബോട്ട് കരയിലേക്ക് മാറ്റുന്നതിനും തീരം ട്രഡ്ജ് ചെയ്യുന്നതിനുമുള്ള നടപടികള്‍ക്കായി കലക്ടര്‍ക്ക് കത്ത് നല്‍കുന്നതിനുള്ള നടപടികള്‍ക്കും നിര്‍ദേശിച്ചു.കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ശിവപ്രസാദ്, കൊല്ലം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എസ് ഷിഹാബുദ്ദീന്‍, കോസ്റ്റല്‍ പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള കണ്‍ട്രോള്‍ റൂം സിഐ ടി അനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശക്തികുളങ്ങര, നീണ്ടകര, പള്ളിത്തോട്ടം എന്നീ ഭാഗങ്ങളിലായി പതിനാറോളം പോലിസ് പിക്കറ്റുകള്‍ ഉള്‍പ്പടെ വിപുലമായ പോലിസ് ബന്ധവസ്സാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.————

RELATED STORIES

Share it
Top