ട്രോളിങ്് നിരോധനം നാളെ അവസാനിക്കും

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍
പൊന്നാനി: 51 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും. മല്‍സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്. ജിഎസ്ടി വന്നതോടെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് വില കൂടിയത് തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജൂണ്‍ ആദ്യ ആഴ്ചയിലാണ് ട്രോളിങ് നിരോധനം തുടങ്ങിയത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായി. രജിസ്റ്റര്‍ ചെയ്ത 4,500 ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇക്കുറി മഴ ധാരാളം ലഭിച്ചതിനാല്‍ ചാകരക്കോളുണ്ടാവുമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ വല, ചൂണ്ട പോലുള്ള മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജിഎസ്ടിയില്‍ നികുതി കൂട്ടിയത് തിരിച്ചടിയായി. ഡീസല്‍ ക്ഷാമവും പ്രതിസന്ധിയുണ്ടാക്കും. നിരോധനം കഴിഞ്ഞ്ചുരുങ്ങിയത്  മൂന്നുദിവസമെങ്കിലും കഴിഞ്ഞാലേ മല്‍സ്യവിപണി ഉണരുകയുള്ളൂ.
നിരോധനം അവസാനിക്കുന്ന നാളെ അര്‍ധരാത്രി മുതല്‍ തന്നെ കടലിലേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ് ബോട്ടുകള്‍. ട്രോളിങ് നിരോധനം അവസാനിക്കുന്ന ദിവസമാണ് കഷ്ടപ്പാടിന് അറുതിയാവുന്നതെന്ന് പൊന്നാനിയിലെ മല്‍സ്യബന്ധന തൊഴിലാളി ഹംസ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ളവ എങ്ങനെയാണ് മല്‍സ്യസമ്പത്തിനെ ബാധിച്ചിരിക്കുന്നതെന്ന കാര്യം മീന്‍പിടിത്തതിന് പോവുന്ന ആദ്യ ബോട്ട് മടങ്ങിയാലേ ഉറപ്പിച്ചുപറയാന്‍ കഴിയൂവെന്നാണ് തൊഴിലാളികളുടെ അഭിപ്രായം.

RELATED STORIES

Share it
Top