ട്രോമാ തിയേറ്ററില്‍ ഒമ്പതര മാസം കൊണ്ട് 1000 ശസ്ത്രക്രിയ

ആര്‍പ്പുക്കര: ഒമ്പതര മാസം കൊണ്ട് 1000 മേജര്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ട്രോമാ തിയേറ്റര്‍. അപകടത്തില്‍പ്പെട്ടവരുടെ ശസ്ത്രക്രിയകള്‍ വേഗത്തിലാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തുടങ്ങിയ ട്രോമാ ഓപറേഷന്‍ തിയേറ്റര്‍ മികവിന്റെ പര്യായായമായിരിക്കുകയാണ്.
ഒരൊറ്റ ഓപറേഷന്‍ ടേബിളിലാണ് കേവലം ഒമ്പതര മാസം കൊണ്ട് 1000 മേജര്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചത്.
വിവിധ അപകടങ്ങളില്‍ അസ്ഥി സംബന്ധമായ തകരാര്‍ സംഭവിച്ച് ചികില്‍സ തേടുന്ന രോഗികളുടെ നില ഗുരുതരമല്ലെങ്കില്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുകയും പിന്നീട് ആഴ്ചകള്‍ പിന്നിട്ട ശേഷമായിരുന്നു ശസ്ത്രക്രിയ ചെയ്തിരുന്നത്. അത്തരം അവസ്ഥകള്‍ രോഗികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
ഇതു കണക്കിലെടുത്ത് കഴിഞ്ഞ മെയ് 17ന് ട്രോമാ തിയേറ്റര്‍ ആരംഭിക്കുകയായിരുന്നു. ഇതിനു ശേഷം അപകടത്തില്‍പ്പെട്ടു വരുന്നവരെ താമസം നേരിടാതെ ശസ്ത്രക്രിയ ചെയ്തു തുടങ്ങി.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം എ തോമസ്, യൂനിറ്റ് ചീഫുമാരായ ഡോ. ടിജി തോമസ്, ഡോ. എം സി ടോമിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്രയും ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ഇത്രയും രോഗികള്‍ക്ക് അപകടരഹിതമായി അനസ്‌തേഷ്യ നല്‍കിയ ഡോ. ഫെബിന്‍ സത്താര്‍, ഡോ. ജോതീസ് എന്നിവരേയും, ട്രോമാ തീയേറ്ററിന്റെ നോഡല്‍ ഓഫിസര്‍മാരായ ഡോ. നിഷാര മുഹമ്മദ്, ഡോ. സജു, എന്നിവരെയും ട്രോമ തിയേറ്ററില്‍ വിളിച്ചു വരുത്തി ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അഭിനന്ദിച്ചു.
ഹെഡ് നഴ്‌സുമാരായ ശ്രീലതാ, സ്മിത, എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്‌സിങ് വിഭാഗത്തെയും, ടെക്‌നീഷ്യന്മാരായ, അക്ഷയ്, ആതിര എന്നിവരെയും അഭിനന്ദിച്ചു.
ഡോക്ടര്‍മാരും, നഴ്‌സിങ് സ്റ്റാഫും മറ്റ് ജീവനക്കാരും തമ്മിലുള്ള സഹകരണവും, ഏകോപനവുമാണു ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും, ശാസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് അനസ്‌തേഷ്യ വിഭാഗം ഡോ. ഫെബിന്‍ സത്താര്‍ പറഞ്ഞു.
അപകടത്തില്‍ മുഖത്തിനും, നട്ടെല്ലിനും പരുക്കേറ്റവര്‍ക്ക് അനസ്‌തേഷ്യ നല്‍കുവാന്‍ സഹായകമായ ഫൈബ്രോ ഒപ്റ്റിക്, ബ്രോങ്കോസ്‌കോപ്പ്, അപകട സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് നെര്‍വ് ബ്ലോക്ക് അനസ്‌തേഷ്യ നല്‍കാനുള്ള അള്‍ട്രാസൗണ്ട് മിഷ്യന്‍ എന്നിവ കൂടി ട്രോമാ തീയേറ്ററില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചാല്‍ കേരളത്തിലെ ഏറ്റവും മികച്ച അസ്ഥിരോഗ വിഭാഗമായി  ഇവിടം മാറുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

RELATED STORIES

Share it
Top