ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്റെ പ്രവര്‍ത്തനം ഈ മാസം തുടങ്ങും

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കുളിശ്ശേരിയില്‍ സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സബ്ബ് സെന്ററിന്റെ ഉദ്ഘാടനം ഈമാസം അവസാനത്തി ല്‍ നടക്കാന്‍ സാധ്യത. സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ തലവനായ മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ചാണ് ഉദ്ഘാടന ദിനവും സമയവും ക്രമീകരിക്കുക.
കാര്‍ഷിക രംഗത്തെ വിവിധയിനങ്ങളുടെ പരിപോഷണവും തൈകളുടെ ഉല്‍പാദനവും ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തയ്യാറാക്കി സ്ഥാപനത്തിന് തുടക്കമിട്ടത്. ഇതിനകം ആകെ 10000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. നാലുനില കെട്ടിടത്തിന്റെ ഒരുനിലയാണ് പൂര്‍ത്തീകരിച്ചത്. ഘട്ടംഘട്ടമായി നാലുനിലകളിലുള്ള പൂര്‍ണ്ണമായ തോതിലുള്ള കെട്ടിടം പൂര്‍ത്തീകരിക്കും. ഇതോടെ ജീവനക്കാര്‍ക്കായുള്ള താമസസ്ഥലവും സജ്ജമാകും. പദ്ധതി പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കാനായി 125 കോടിയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കെട്ടിടം, ഫര്‍ണ്ണീച്ചറുകള്‍, കെമിക്കലുകള്‍, ബോട്ടിലുകള്‍, റാക്കുകള്‍ തുടങ്ങിയവക്കായി ഇതിനകം ഏഴര കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.
നിലവില്‍ 19 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഇതില്‍ കെ എസ് ഐ ഡി സിയുടെ 8.94 കോടി രൂപയും ബാക്കിവരുന്ന 10.06 കോടി രൂപ സംസ്ഥാന സര്‍ക്കാരുമാണ് അനുവദിക്കുക. ഇതിനായുള്ള പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ ഹെഡ് ഇന്‍ചാര്‍ജ്ജ് സയന്റിസ്റ്റായ ഡോ. സതീഷ് അറിയിച്ചു. നിലവില്‍ വിനിയോഗിച്ചിരിക്കുന്നത് കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫണ്ടാണ്. സയന്റിസ്റ്റുമാരടക്കം 16 പേരാണ് ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുക.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്ന കൂടിക്കാഴ്ചയിലുടെ നിയമിച്ചിട്ടുണ്ട്. പ്രാദേശികമായുള്ള മറ്റ് തൊഴിലാളികള്‍ വേറെയുമുണ്ടാകും. ഗ്ലാസ് ബോട്ടിലുകളും റാക്കുകളും കെമിക്കലുകളും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ റാക്കുകളാണ് ഇനി വരാനുള്ളത്. തുടക്കത്തില്‍ വാഴ, തഴക്കൈത, ജാതി, ഏലം, പൈനാപ്പിള്‍, പപ്പായ അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ പ്രജനനഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഓരോന്നിന്റേയും ലക്ഷക്കണക്കിന് ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് ഉല്‍പാദിപ്പിച്ച് കര്‍ഷകരിലെത്തിക്കുക. മുള്ളില്ലാത്ത തഴക്കൈത വികസിപ്പിക്കുകയാണ് ലക്ഷ്യം. കുഴൂരിലെ സ്ഥാപനത്തില്‍ നിന്നും ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ പുറത്തിറങ്ങുന്നതോടെ ഈ പ്രവണതക്ക് കുറവുണ്ടാകും. അതിനാല്‍തന്നെ വലിയ പ്രതീക്ഷയാണ് നാട്ടുകാരിലുള്ളത്. കാര്‍ഷിക രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top