ട്രെയിനുകള്‍ നിര്‍ത്തലാക്കിയതിനെതിരേ വ്യാപക പ്രതിഷേധംകണ്ണൂര്‍: ട്രെയിനുകള്‍ നിര്‍ത്തലാക്കിയതില്‍ വ്യാപകപ്രതിഷേധം. പാലക്കാട് ഡിവിഷനിലെ ആറ് ട്രെയിനുകളാണ് ലാഭകമല്ലെന്ന കാരണം പറഞ്ഞ് നിര്‍ത്തലാക്കിയത്. പാലക്കാട് പൊള്ളാച്ചി സെഷനില്‍ നാല് ട്രെയിനും കണ്ണൂര്‍ ബൈന്തൂര്‍ പാസഞ്ചറുമാണ് റദ്ദാക്കിയത്. ബൈന്തൂര്‍ പാസഞ്ചര്‍ അസമയത്താണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. അതിരാവിലെ 4.15ന് കണ്ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതാണ് യാത്രക്കാര്‍ കുറയാന്‍ കാരണം. ഇതിന് പരിഹാരമായി സമയമാറ്റം നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നു മംഗഌരുവിലേക്ക് വിട്ടുകഴിഞ്ഞാല്‍ 6 മണിക്കും ഏഴു മണിക്കുമായി സമയം ക്രമീകരിച്ചാല്‍ നിരവധി യാത്രക്കാര്‍ ഈ ട്രെയിനിനെ ആശ്രയിക്കും. 7.20ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന മംഗഌരു പാസഞ്ചറില്‍ കാലുകുത്താന്‍ സ്ഥലമുണ്ടവാറില്ല. മംഗഌരുവിലെ ആശുപത്രിയില്‍ പോകുന്നവരായിക്കും ഭൂരിഭാഗവും. ഇതിന്റെ മുന്നേ മറ്റൊരു പാസഞ്ചര്‍ അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. രാത്രി സര്‍വീസിലും സമയ മാറ്റം ആവശ്യമാണ്. ബൈന്തൂര്‍ പാസഞ്ചര്‍ ഗുരുവായൂര്‍ വരെ നീട്ടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇങ്ങനെയായാല്‍ തീര്‍ഥാടക യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. സാധാരണക്കാരായ ജനങ്ങളെ ഹ്രസ്വദൂരയാത്രക്ക് സഹായിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യരുതെന്ന് പി കെ ശ്രീമതി എംപി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാനേജര്‍  നരേഷ് ലാല്‍വാണിയുമായി ഫോണിലും സംസാരിച്ചു.

RELATED STORIES

Share it
Top