ട്രെയിനുകളുടെ വൈകിയോട്ടം അഞ്ച് മിനിറ്റില്‍ താഴെയാക്കും

തിരുവനന്തപുരം: അനിശ്ചിതമായി വൈകിയോടുന്ന പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനിറ്റില്‍ താഴെയാക്കാമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കിയെന്ന് കെ സി വേണുഗോപാല്‍ എംപി. തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകളിലെ റെയില്‍വേ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കുല്‍ശ്രേഷ്ഠ വിളിച്ചുചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം വന്ന റെയിലുകള്‍ മാറ്റി സ്ഥാപിക്കുന്നത്, ലോക്കോപൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ് ഇപ്പോഴത്തെ അനശ്ചിതമായ വൈകലിന് കാരണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കുല്‍ശ്രേഷ്ഠ യോഗത്തില്‍ പറഞ്ഞെങ്കിലും യോഗത്തില്‍ പങ്കെടുത്ത എംപിമാര്‍ ഇതിനെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇതോടെയാണ് അഞ്ചു മിനിറ്റില്‍ കൂടുതല്‍ ഒരു പ്രതിദിന ട്രെയിനുകളും വൈകുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് റെയില്‍വേ നിലപാട് എടുത്തത്.
ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപറേറ്റിങ് മാനേജര്‍ എസ് അനന്തരാമന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും ട്രെയിന്‍ ഗതാഗതം കര്‍ശനമായി നിരീക്ഷിക്കുന്നതിന് നാളെ മുതല്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. കൊച്ചുവേളി, ബംഗളൂരു എക്‌സ്പ്രസ്സില്‍ നിന്ന് ഒഴിവാക്കിയ ലേഡീസ് കംപാര്‍ട്ട്‌മെന്റ് ഉടനെ പുനസ്ഥാപിക്കുമെന്ന് ജനറല്‍ മാനേജര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റെയില്‍വേ ഉദ്യോസ്ഥര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

RELATED STORIES

Share it
Top