ട്രെയിനില്‍ നിന്നു ബാഗുമായി ഇറങ്ങിയോടിയ യുവാവിനെ റെയില്‍വേ പോലിസ് പിടികൂടികോട്ടയം: പുലര്‍ച്ചെ ട്രെയിനില്‍ നിന്നു ബാഗുമായി ഇറങ്ങിയോടിയ യുവാവിനെ റയില്‍വേ പോലിസ് പിന്തുടര്‍ന്നു പിടികൂടി. യുവാവിനെ ചോദ്യം ചെയ്തതോടെ തെളിഞ്ഞത് വന്‍ മോഷണം. മോഷണത്തിനിരയായ യാത്രക്കാര്‍ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴേയ്ക്കും പ്രതി പോലിസ് കസ്റ്റഡിയിലായിരുന്നു. എറണാകുളം കടവന്തറ ഉദയ കോളനിയില്‍ മഹേന്ദ്രനെ(18)യാണ് റയില്‍വേ എസ്‌ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ നാലോടെ റയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കൊച്ചുവേളി യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തും മുമ്പ് ഒരു യുവാവ് കൈയിലൊരു ബാഗുമായി ട്രെയിനില്‍ നിന്നു ചാടിയിറങ്ങി ഓടുന്നത് പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ യുവാവിനെ പിന്നാലെ ഓടി ആര്‍എംഎസിനു സമീപത്തു വച്ചു പിടികൂടി. തുടര്‍ന്നു ബാഗിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു പവന്റെ സ്വര്‍ണ മാലയും, രണ്ടു മൊബൈല്‍ ഫോണും 2000 രൂപയും കണ്ടെത്തി. ഇത് ആരുടെയാണെന്നു ചോദിച്ചെങ്കിലും കൃത്യമായ വിവരം നല്‍കാന്‍ യുവാവിനു സാധിച്ചില്ല. ഇതേ തുടര്‍ന്നു പോലിസ് സംഘം യുവാവുമായി ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി അന്വേഷണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇയാള്‍ നല്‍കിയ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ കടവന്തറ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ ആറോടെ കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റയില്‍വേ പോലിസിനു സന്ദേശം എത്തി. ട്രെയിനില്‍ നിന്നു ബാഗും പണവും മോഷണം പോയതായി കൊല്ലം അഞ്ചല്‍ പുതുവേല്‍നില വീട്ടില്‍ എസ് സുധീരന്ദ്രനാണ് കൊല്ലം റയില്‍വേ പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടയം റയില്‍വേ പോലിസ് സംഭവത്തില്‍ കേസെടുത്തു. തുടര്‍ന്നു മഹേന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു പോലിസിനു സൂചന ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top