ട്രെയിനില്‍ കടത്തിയ 1.9 കിലോ കഞ്ചാവ് പിടികൂടി

വടകര: ട്രെയിനില്‍ കടത്തുകയായിരുന്ന 1.900കിലോ കഞ്ചാവ് വടകരയില്‍ പിടികൂടി. ഇന്നലെ രാവിലെ 11 മണിക്ക് വടകരയിലെത്തുന്ന കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ആര്‍പിഎഫ്, എക്‌സൈസ് സംയുക്തമായി ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് പിന്നീട് എക്‌സൈസ് സംഘം കൊണ്ടുപോയി കോടതയില്‍ ഹാജരാക്കി. ഇങ്ങനെ പ്രതികളെ പിടികൂടാനാവാത്ത നിലയില്‍ കഞ്ചാവ് മുതല്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നിരവധി തവണയാണ് വടകരയില്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞ 4 മാസം കൊണ്ട് വടകരയില്‍ മാത്രം 500 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ആര്‍പിഎഫ് എസ്‌ഐ കെഎം സുനില്‍കുമാര്‍ പറഞ്ഞു. കൂടാതെ വിദേശ നിര്‍മിത മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ട്രെയിന്‍ മാര്‍ഗം വലിയ തോതില്‍ കഞ്ചാവ്, നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ വലിയ തോതിലാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ കൂടുതല്‍ പണം ലഭിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രവണതയിലേക്ക് യുവാക്കളെ നയിക്കുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍ ഗുണഭോക്താക്കളാണ്. അത് കൊണ്ട് തന്നെ തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും എസ്‌ഐ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജയരാജ്, എച്ച്എസ്ഇ ബിനീഷ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സോമസുന്ദരന്‍, ഹാരിഷ്, സിഇഒ മാരായ രാജേഷ്, രൂപേഷ്, തുഷാര, സീമ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top