ട്രെയിനില്‍നിന്നും വീണ റഫീക്കിന് ജെസിഐ പ്രവര്‍ത്തകര്‍ രക്ഷയായിപാലക്കാട്: ഒരുയാത്രയില്‍ സംഭവിച്ച ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യന് കാരുണ്യമതികളുടെ കൈത്താങ്ങ്.സേലത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ട്രെയിനിന്റെ വാതിലില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റഫീക്കിനാണ് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലക്കാട് ചാപ്റ്റര്‍ എം എ പ്ലൈ എന്‍ജിഒ പ്രവര്‍ത്തകര്‍ താങ്ങും തണലുമായത്.കോഴിക്കോട് കല്ലായി കുണ്ടുങ്ങല്‍ സ്വദേശിയാണ് നാല്‍പ്പത്തിയെട്ടുകാരനായ റഫീഖ്. ട്രെയിനില്‍നിന്നും വീണുപരിക്കേറ്റ ഇയാള്‍ ഒരാഴ്ചയിലധികമായി ജില്ലാ ആശുപത്രി വാര്‍ഡിലെ വെറും തറയില്‍ വേദനകളുമായി ജീവിതം തള്ളിനീക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കടാക്ഷത്തില്‍ ദിവസങ്ങളെണ്ണി തീര്‍ത്ത റഫീക്കിനെ ബന്ധുമിത്രാദികളാരും തിരിഞ്ഞുനോക്കിയിരുന്നില്ല. വീഴ്ചയിലേറ്റ പരിക്കുമൂലം സ്വന്തമായി നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. പരിചരിക്കാനാളില്ലാതെ വേദനകള്‍ കടിച്ചമര്‍ത്തി ഏകനായി കഴിയുന്ന ഈ ഹതഭാഗ്യന് പാലക്കാട് മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിദഗ്ധനും ജെസിഐ ചാര്‍ട്ടര്‍ പ്രസിഡന്റുമായ ഡോ. ദിലീപ് കുഞ്ചേറിയയുടെ ഇടപെടലുകളാണ് പുതുജീവിതത്തിന് വഴിയൊരുക്കിയത്.തുടര്‍ന്ന്, എം എ പ്ലൈ എന്‍ജിഒ പ്രവര്‍ത്തകരായ നിഖില്‍ കൊടിയത്തൂര്‍, ഫൈസല്‍ മുള്ളത്ത്, ഇജാസ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രി ജീവനക്കാരന്‍ ബാലകൃഷ്ണന്റെ സഹായത്തോടെ റഫീക്കിനെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. രോഗിയായിരുന്ന റഫീക്ക് മുമ്പ് ഡയാലിസിസിന് വിധേയനായിട്ടുള്ള ആളാണ്.  ഇതുവഴി ആതുരസേവന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡോ. ദിലീപ് തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ മനുഷ്യസ്‌നേഹത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. നിസഹനായി കഴിഞ്ഞിരുന്ന റഫീക്കിനിത് രണ്ടാം ജന്മത്തിലേക്കുള്ള തിരിച്ചുവരവും.

RELATED STORIES

Share it
Top