ട്രാമുകള്‍

കൊല്‍ക്കത്തയുടെ പൈതൃക സമ്പത്താണ് ട്രാം. 1873ലാണത്രേ നഗരത്തില്‍ ആദ്യത്തെ ട്രാം രംഗത്തുവന്നത്. അന്നു കുതിര വലിക്കുന്ന ട്രാം ആയിരുന്നു. പിന്നീട് ആവിയിലോടുന്നതും 1902 മുതല്‍ ഇലക്ട്രിക് ട്രാമുമായി അതു പരിണമിച്ചു. ഏഷ്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴയ ട്രാം സര്‍വീസാണ് കൊല്‍ക്കത്തയിലേത്. പരിസ്ഥിതിക്ക് പോറലൊന്നും ഏല്‍പിക്കാതെ സഞ്ചരിക്കുന്ന ട്രാമുകള്‍ തങ്ങളുടെ പൈതൃക സ്വത്താണെന്ന് അഭിമാനിക്കുന്നവരാണ് കൊല്‍ക്കത്ത നിവാസികള്‍ മുഴുവനും.
പക്ഷേ, ട്രാം സര്‍വീസിന് നല്ല കാലമല്ല നഗരത്തില്‍. 1960കളുടെ അവസാനത്തില്‍ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 52 റൂട്ടുകളുണ്ടായിരുന്ന സര്‍വീസ് ചുരുങ്ങിച്ചുരുങ്ങിവന്ന് ഇപ്പോള്‍ എട്ട് റൂട്ടുകളായിരിക്കുന്നു. യാത്രക്കാരുടെ എണ്ണം പ്രതിദിനം 75,000 എന്നതില്‍ നിന്ന് 15,000 ആയി കുറഞ്ഞു.
ട്രാം സര്‍വീസ് എന്തുചെയ്തും നിലനിര്‍ത്തുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ജനങ്ങള്‍ക്കും അതാണിഷ്ടം. പക്ഷേ, ട്രാമില്‍ കയറാന്‍ ആളില്ല. റൂട്ടുകള്‍ മാറ്റിയും ആന്തരിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും മറ്റും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാമെന്നു പറയുന്നവരുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളിലും അത്തരം അനുഭവങ്ങളുണ്ടുതാനും. പല്ലക്ക്, ആളുകള്‍ വലിക്കുന്ന റിക്ഷ, കാളവണ്ടി, കുതിരവണ്ടി- എല്ലാം കാലപ്രയാണത്തോടൊപ്പം വിസ്മൃതിയിലേക്കു മായുകയാണ്. ട്രാമുകള്‍ മാത്രം നിലനിര്‍ത്തുമെന്നു പറയുന്നതില്‍ എന്തു ന്യായമെന്നാണ് ഇതിനുള്ള മറുചോദ്യം.

RELATED STORIES

Share it
Top