ട്രാഫിക് പോലിസ് മട്ടാഞ്ചേരി വിങ് പുതിയ കെട്ടിടം നാളെ ഉദ്്ഘാടനം ചെയ്യും

മട്ടാഞ്ചേരി: കാല്‍കോടി ചെലവഴിച്ച് നിര്‍മിച്ച സിറ്റി ട്രാഫിക് പോലിസ് സ്‌റ്റേഷന്‍ മട്ടാഞ്ചേരി വിങ്ങിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. ഇതോടെ മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടു. നിലവില്‍ മട്ടാഞ്ചേരി വെസ്റ്റ് ട്രാഫിക് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് പള്ളുരുത്തി പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന് സൗകര്യം ഒട്ടും തന്നെയില്ലാത്ത കെട്ടിടത്തിലാണ്. ഇത് പരിഗണിച്ചാണ് പള്ളുരുത്തി പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ തന്നെ സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ തീരുമാനിച്ചത്.
ഉദ്്ഘാടനത്തിന് മുഖ്യമന്ത്രി തന്നെ വേണമെന്ന ചില പോലിസ് ഉദ്യോഗസ്ഥരുടെ താല്‍പ്പര്യമാണത്രേ വൈകുന്നതിന് കാരണമായത്.
ഏതായാലും മുഖ്യമന്ത്രിയെ കാത്ത് നില്‍ക്കാതെ ഇപ്പോള്‍ കിട്ടിയ മന്ത്രിയെ കൊണ്ട് ഉദ്്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതോടെ കുടുസു മുറിയില്‍ വിഷമിക്കുന്ന ട്രാഫിക് പോലിസുകാരും ഏറെ സന്തോഷത്തിലാണ്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മോടി കൂട്ടുന്ന ജോലികളെല്ലാം പോലിസുകാര്‍ നേരിട്ട് തന്നെയാണ് നടത്തുന്നത്.
മുഖ്യമന്ത്രിയെ കാത്തിരുന്ന് വൃഥാവിലായപ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തെ കണക്കില്‍ എഴുതി ചേര്‍ക്കാന്‍ ഒത്ത് കിട്ടിയ മന്ത്രിയെ പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.ശനിയാഴ്ച നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍    കെ ജെ മാക്‌സി എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിന്‍, എം എല്‍ എ മാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എം.സ്വരാജ്, കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാക്കറേ തുടങ്ങിയവര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top