ട്രാഫിക് പരിഷ്‌ക്കരണം സപ്തംബര്‍ 1 മുതല്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ട്രാഫിക് പരിഷ്‌ക്കരണം നടപ്പാക്കുന്നത് സപ്തംബര്‍ ഒന്നിലേക്കു മാറ്റി. നേരത്തെ ആഗസ്ത് ഒന്ന് മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. ഇന്നലെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ ടി വി ഇബ്രാഹിം എംഎല്‍എ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം മാനിച്ചാണ് തിയ്യതി മാറ്റിയത്. വണ്‍വേ നടപ്പാക്കുന്നതിനു മുമ്പായി പഴയങ്ങാടിയിലെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. ഇവിടെ ഡ്രെയ്‌നേജ്, നടപ്പാത എന്നിവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പഴയങ്ങാടി നിവാസികളുടെ യോഗം നാളെ മോയീന്‍കുട്ടിവൈദ്യര്‍ അക്കാദമിയില്‍ ചേരും.
33 കുടംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. വ്യാപാരികള്‍, ട്രേഡ് യൂനിയന്‍ അംഗങ്ങള്‍, ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി. പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്‍വീനറായ ഉപസമിതിക്കും രൂപം നല്‍കി.
ടി വി ഇബ്രാഹിം എംഎല്‍എ അധ്യക്ഷതവഹിച്ചു. സി ഐ മുഹമ്മദ് ഹനീഫ, എസ്‌ഐ കെ ജാബിര്‍,നഗരസഭാ സ്ഥിരസമിതി ചെയര്‍മാന്‍ യു കെ മമ്മദിശ, അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ ഇണ്ണി, ചുക്കാന്‍ ബിച്ചു, സി മുഹമ്മദ് റാഫി, വിവിധ പാര്‍ട്ടി പ്രധിനിധികളായി അഷ്‌റഫ് മടാന്‍, എം എ റഹിം, എടക്കോട്ട് മെഹ്ബൂബ്, സാദിക്കലി, ഇണ്ണി, കെ മുഹമ്മദ് ഇബ്രാഹിം, കെ കെ അലിബാപ്പു, കെ അബ്ദുല്ലക്കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top