ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലിസുകാരനെ കാര്‍ യാത്രികന്‍ മര്‍ദിച്ചു

പട്ടാമ്പി: ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലിസുകാരന് കാര്‍ യാത്രികന്റെ മര്‍ദനം. ഇന്നലെ ഉച്ചക്ക് മേലെ പട്ടാമ്പി ജങ്ഷനിലാണ് സംഭവം. മേലെപട്ടാമ്പിയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്ന പോലിസുകാരന്‍ അനിലും ഒറ്റപ്പാലം ഭാഗത്തേക്കു കുടുംബസമേതം കാറില്‍ പോകുകയായിരുന്ന പട്ടിത്തറ അമ്മത്തില്‍ അനൂപ് ഗോപനു (34)മാണ് തമ്മിലടിച്ചത്. സംഭവത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ട്രാഫിക് ലംഘിച്ചെത്തിയ കാര്‍ തടഞ്ഞപ്പോള്‍ അനൂപ് ഗോപന്‍ കാറില്‍ നിന്നും ഇറങ്ങി പോലിസുകാരനെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ്‌ഐ അജീഷ് പറഞ്ഞു. കൃത്യ നിര്‍വഹണത്തിന് തടസ്സം നിന്നതിന് കേസെടുത്ത അനൂപിനെ  കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എന്നാല്‍ കുടുംബസമേതം വരികയായിരുന്ന അനൂപ് ഗോപനെ ട്രാഫിക്  ലംഘിച്ചെന്നാരോപിച്ചു പോലിസുകാരന്‍ അനാവശ്യം പറഞ്ഞെന്നും മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതോടെ കാറില്‍ നിന്നിറങ്ങി അനൂപ് പോലിസുകാരനുമായി കൈയാങ്കളിയായി. നാട്ടുകാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പോലിസുകാരന് ക്രൂരമായ മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. പട്ടാമ്പി സ്‌റ്റേഷനില്‍ നിന്നും എസ്‌ഐയും സംഘവുമെത്തിയാണ് അനൂപിനെ ബലമായി സ്‌റ്റേഷനില്‍ കൊണ്ടുപോയത്.

RELATED STORIES

Share it
Top