ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കന്നി മെട്രോയാത്രയുമായി ജയസൂര്യ

കൊച്ചി: മെട്രോയിലെ കന്നിയാത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം ആഘോഷമാക്കി നടന്‍ ജയസൂര്യ. ഇന്നലെ രാവിലെ 11.30ഓടെ ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നു മഹാരാജാസ് സ്റ്റേഷന്‍ വരെയായിരുന്നു ജയസൂര്യയുടെ യാത്ര. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം ആസ്പദമാക്കിയ പുതിയ ചിത്രം 'ഞാ ന്‍ മേരിക്കുട്ടിയുടെ' പ്രചാരണാര്‍ഥമാണു താരം മെട്രോ യാത്ര ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനു പുറമെ കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജീവനക്കാരായ സുല്‍ഫി മെഹര്‍ജന്‍, ലയ ബിജു എന്നിവരും ജയസൂര്യക്കൊപ്പമുണ്ടായിരുന്നു.
യാത്രയിലുടനീളം മെട്രോയിലെ ജോലിയുടെ സ്വഭാവവും ജീവിത സാഹചര്യവുമെല്ലാം താരം ട്രാന്‍സ്‌െജന്‍ഡേഴ്‌സില്‍ നിന്നു ചോദിച്ചു മനസ്സിലാക്കി. ഇൗ സമൂഹത്തിനു ജോലി നല്‍കിയതു വഴി കൊച്ചി മെട്രോ മികച്ച മാതൃകയാണു കാണിച്ചതെന്ന് മഹാരാജാസ് സ്റ്റേഷനില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടു ജയസൂര്യ പ്രതികരിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിനാകെ ആത്മവിശ്വാസം നല്‍കിയ നടപടിയായിരുന്നു ഇത്. ആദ്യമായാണു മെട്രോയില്‍ കയറുന്നത്. അത് ഇക്കൂട്ടരോടൊപ്പമായതില്‍ ഏറെ സന്തോഷം.  ജോലിയുടെ ഭാഗമായി മെട്രോ അവര്‍ക്ക് നല്‍കിയ ഐഡി കാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നു രേഖപ്പെടുത്തിയിട്ടില്ല. ഓരോരുത്തരും തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന പേരുകളാണ് ഐഡി കാര്‍ഡിലുള്ളത്. ഇത് ഏറെ ആകര്‍ഷിച്ചെന്നും കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്ത മറ്റു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൂടി  സര്‍ക്കാര്‍ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നും ജയസൂര്യ പറഞ്ഞു.
ട്രാന്‍സ്‌െജന്‍ഡേഴ്‌സിനെ മുന്‍വിധികളോടെ സമീപിക്കുന്ന സമൂഹത്തിനു തിരിച്ചറിവു നല്‍കാനാണു ഞാന്‍ മേരിക്കുട്ടിയിലൂടെ ശ്രമിച്ചതെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ജയസൂര്യയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു സുല്‍ഫി മെഹര്‍ജന്‍ പ്രതികരിച്ചു. തങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്‌നങ്ങളുടെ പച്ചയായ ആവിഷ്‌കാരമായ മേരിക്കുട്ടിയിലൂടെ കാണാന്‍ സാധിച്ചത്. പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറാന്‍ സിനിമ ഏറെ സഹായിക്കുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ആദ്യം സംസാരിക്കുവാന്‍ വിമുഖത കാട്ടിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജയസൂര്യയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണു കാമറയ്ക്ക് മുന്നിലേക്കു വന്നത്.

RELATED STORIES

Share it
Top