ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം: സ്വയംതൊഴില്‍ സംരംഭത്തിന് മൂന്നുലക്ഷം വരെ വായ്പ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നുലക്ഷം രൂപ വരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പറേഷന്‍ മുഖേന വായ്പ നല്‍കാന്‍ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുയോജ്യമായ ഷീ ടാക്‌സി പോലുള്ള സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനും മറ്റു നൂതന പദ്ധതികള്‍ തുടങ്ങുന്നതിനും ആവശ്യമായ പ്രപ്പോസലുകളാണ് സ്വീകരിക്കുന്നത്.
മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവരെപ്പോലെ ഇവര്‍ക്കും തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ചുറ്റുപാടൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിനു കീഴില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമപദ്ധതികള്‍ ബോര്‍ഡ് ചര്‍ച്ചചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ് ലൈനില്‍ ജീവനക്കാരെ നിയമിക്കും. ഷോര്‍ട്ട്‌സ്‌റ്റേ ഹോമിന്റെ വാടക സംബന്ധിച്ച് തീരുമാനത്തിലെത്താനും ഹോംസ്റ്റേ തുടങ്ങുന്നതിനുള്ള തുടര്‍നടപടികള്‍ എത്രയും വേഗം സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top